പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി: ജില്ലാതല ഉദ്ഘാടനം 28ന് മന്ത്രി എം ലിജു നിർവഹിക്കും
രണ്ടു തുള്ളി പ്രതിരോധമരുന്ന് നൽകി പോളിയോയ്ക്ക് മേലുള്ള വിജയം നിലനിർത്തുക
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ
അഞ്ച് വയസ്സിന് താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ജൂൺ 28 ഞായറാഴ്ച രണ്ട് തുള്ളി പോളിയോ പ്രതിരോധ വാക്സിൻ നൽകുന്നു. പോളിയോ ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 28 ന് രാവിലെ എട്ട് മണിക്ക് കണ്ടല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ സഹകരണ എക്സൈസ് വകുപ്പ് മന്ത്രി എം ലിജു നിർവഹിക്കുന്നതാണ്.
അയൽ രാജ്യങ്ങളിൽ എണ്ണത്തിൽ കുറവെങ്കിലും ഇപ്പോഴും പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അഞ്ചു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് പോളിയോ തുള്ളി മരുന്ന് നൽകി അവരെ സുരക്ഷിതരാക്കേണ്ടതുണ്ട് എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.
ജില്ലയിൽ അഞ്ചു വയസ്സിന് താഴെ പ്രായമുള്ള 96,972 കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകേണ്ടതുണ്ട്. തുള്ളി മരുന്ന് വിതരണത്തിനായി 1377 ബൂത്തുകൾ ജില്ലയിൽ സജ്ജമാണ്. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട അങ്കണവാടികൾ, വായനശാല, ക്ലബ്ബ്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ബോട്ട് ജെട്ടി എന്നിവിടങ്ങളിലും ബൂത്തുകൾ പ്രവർത്തിക്കുന്നതാണ്. ആശുപത്രികളിലും അങ്കണവാടികളിലും രാവിലെ എട്ട് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ തുള്ളി മരുന്ന് ലഭ്യമാണ്. റെയിൽവേ സ്റ്റേഷൻ,ബസ് സ്റ്റേഷൻ തുടങ്ങിയയിടങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള 30 ട്രാൻസിറ്റ് ബൂത്തുകൾ യാത്രക്കാരായ രക്ഷിതാക്കൾക്ക് ആശ്രയമാണ്. അതിഥി തൊഴിലാളികൾ കൂടുതലായുള്ള ഇടങ്ങൾ, എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലേക്ക് മൊബൈൽ യൂണിറ്റുകളും സേവനം നടത്തുന്നുണ്ട്. ജില്ലയിൽ ഏഴ് മൊബൈൽ യൂണിറ്റുകളുടെ സേവനം സജ്ജീകരിച്ചിട്ടുണ്ട്. അഞ്ചു വയസ്സിന് താഴെ പ്രായം ഉള്ള കുഞ്ഞുങ്ങൾക്ക് തൊട്ടടുത്തുള്ള ബൂത്തിലെത്തി ഉറപ്പായും പ്രതിരോധ തുള്ളി മരുന്ന് നൽകുക . പോളിയോയ്ക്ക് മേലുള്ള വിജയം ഉറപ്പാക്കുക. ഏതെങ്കിലും കാരണത്താൽ അന്നേ ദിവസം തുള്ളിമരുന്ന് നൽകാത്ത കുട്ടികൾക്ക് ജൂൺ 29, 30( മോപ്പ് അപ്പ് ദിനങ്ങളിൽ) ലഭ്യമാക്കുന്നതാണ്.
(പിആർ/എഎൽപി/1213)
- Log in to post comments