Skip to main content

ജില്ലാ വികസന സമിതി ഭൂമി കൈയേറ്റങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും

സര്‍ക്കാര്‍ ഭൂമി കൈയേറി അനധികൃത നിര്‍മ്മാണം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനം. ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, എംഎല്‍എമാരായ റോയ് കെ. പൗലോസ്, സിറിയക് തോമസ്, സേനാപതി വേണു എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ തൊടുപുഴ നഗരത്തിലുടനീളം വെളളക്കെട്ടുണ്ടായത് അനധികൃതമായി പുഴ കൈയേറി നിര്‍മ്മാണം നടത്തിയതിനാലും വെള്ളം ഒഴുകിപ്പോകുന്ന ഓവുകളുടെ വീതി കുറഞ്ഞതും മൂലമാണെന്ന് ചീഫ് വിപ്പ് പറഞ്ഞു. അനധികൃത നിര്‍മ്മാണങ്ങള്‍ മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമാക്കുന്നതിന് സാഹചര്യമൊരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നഗരത്തില്‍ സര്‍വേ നടത്തി കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കാന്‍ തൊടുപുഴ തഹസില്‍ദാറെയും നഗരസഭാ സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ചൊക്രമുടി, പരുന്തുംപാറ, വരാട്ടുമേട് എന്നിവിടങ്ങളിലെ കൈയേറ്റങ്ങളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. ഓരോ താലൂക്കിലെയും കൈയേറ്റങ്ങളുടെ പട്ടിക തയാറാക്കി വരികയാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.  

date