പ്രതിരോധ മരുന്നുകളിലൂടെ ശക്തമായ സാമൂഹിക പ്രതിരോധം കെട്ടിപ്പടുക്കാനാകും- മന്ത്രി അഡ്വ. ഒ.ജെ. ജനീഷ്
ദേശീയ പൾസ് പോളിയോ ദിനാചരണം ജില്ലാതല ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു.
കുട്ടികൾക്ക് കൃത്യമായി പ്രതിരോധ മരുന്ന് നൽകുന്നതിലൂടെ ശക്തമായ ഒരു സാമൂഹിക പ്രതിരോധം കെട്ടിപ്പടുക്കാൻ സാധിക്കുമെന്ന് യുവജനക്ഷേമ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ.ജെ ജനീഷ്.
ദേശീയ പൾസ് പോളിയോ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മാള കെ. കരുണാകരൻ സ്മാരക ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.വിശിഷ്ടാതിഥിയായ പരിപാടിയിൽ പങ്കെടുത്ത ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ്റെ മകൾക്ക് തുള്ളിമരുന്ന് നൽകിക്കൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. രോഗങ്ങൾക്കെതിരെയുള്ള കൃത്യമായ ബോധവൽക്കരണവും സമയബന്ധിതമായ പ്രതിരോധ പ്രവർത്തനങ്ങളും നാടിന്റെ ആരോഗ്യ സുരക്ഷയ്ക്ക് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മാള സർക്കാർ ആശുപത്രിയിൽ കൂടുതൽ ജീവനക്കാരെ നിയമിച്ച് സേവനങ്ങൾ വിപുലപ്പെടുത്തുന്നതിനും പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും നടപടികൾ സർക്കാർ തലത്തിൽ വേഗത്തിലാക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുഭാഷിണി രാജീവ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ശ്രീദേവി ടി.പി. മുഖ്യ പ്രഭാഷണവും ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജിൽഷോ ജോർജ് സന്ദേശവും നൽകി. ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. എൻ.എ. ഷീജ വിഷയാവതരണം നടത്തി.
തൃശ്ശൂർ ജില്ലയിൽ അഞ്ചു വയസ്സിനു താഴെയുള്ള 1,73,897 കുട്ടികൾക്കായി 1,877 ബൂത്തുകളാണ് പൾസ് പോളിയോ വിതരണത്തിനായി സജ്ജമാക്കിയത്.
മാള ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പോൾസൺ കൊടിയൻ, മാള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. രാധാകൃഷ്ണൻ, പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഔസേപ്പച്ചൻ ജോസ്, കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിൽവി സേവ്യർ, അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനിതാ സജീവൻ, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗം സാജൻ കൊടിയൻ, മാള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബൈജു എടത്താടൻ, മാള ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി.കെ. ജിനേഷ്,ജോഷി കാഞ്ഞൂതറ, ഡെപ്യൂട്ടി ഡി.എം.ഓ. ഡോ. സുജ അലോഷ്യസ്, ജില്ലാ നഴ്സിംഗ് ഓഫീസർ ഉമാദേവി പി., ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ ശ്രീജ സി.എം., ജില്ലാ എം.സി.എച്ച്. ഓഫീസർ ഇൻ ചാർജ് അംബിക ടി.എ., മാള ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഇൻ ചാർജ് ഡോ. മുഹമ്മദ് ഫവാസ്, റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments