പറമ്പിക്കുളത്ത് വായന മാസാചരണവും തുല്യതാ രജിസ്‌ട്രേഷന്‍ ക്യാമ്പയിനും സംഘടിപ്പിച്ചു
പറമ്പിക്കുളം വൈല്‍ഡ് ലൈഫ് ഡിവിഷന്റെയും ജില്ലാ സാക്ഷരതാമിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ പറമ്പിക്കുളത്തെ വിവിധ ഉന്നതികളില്‍ വായന മാസാചരണവും തുല്യതാ രജിസ്‌ട്രേഷന്‍ ക്യാമ്പയിനും സംഘടിപ്പിച്ചു. വനം വകുപ്പിന്റെയും സാക്ഷരതാമിഷന്റെയും സംയുക്ത സംഘം പറമ്പിക്കുളം, ചുങ്കം, കുര്യാര്‍കുറ്റി, എര്‍ത്ത് ഡാം, അഞ്ചാം കോളനി തുടങ്ങിയ ഉന്നതികള്‍ സന്ദര്‍ശിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. വായന പുസ്തകങ്ങളും വിതരണം ചെയ്തു. പറമ്പിക്കുളം ഡി.എഫ്.ഒ എന്‍. നിതീഷ്, റേഞ്ച് ഓഫീസര്‍ ജെ. സുദിന്‍, സാക്ഷരതാമിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പി.വി. പാര്‍വതി എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ കാരണങ്ങളാല്‍ പഠനം മുടങ്ങിപ്പോയവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്ലാതെ നാല്, ഏഴ്, പത്ത്, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സുകളില്‍ ചേര്‍ന്നു പഠിക്കുന്നതിനും, ഹയര്‍ സെക്കന്‍ഡറി വിജയിച്ചവര്‍ക്ക് തുടര്‍ന്ന് ബിരുദ പഠനത്തിനും അവസരം ഒരുക്കുന്ന വിധത്തില്‍ ഒരു മാസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും ക്യാമ്പയിന്റെ ഭാഗമായി തീരുമാനിച്ചു.
- Log in to post comments