വി.പി. തുരുത്ത് പാലം സന്ദർശിച്ച് മന്ത്രിയും കളക്ടറും; യാത്രാപ്രശ്നത്തിന് പരിഹാരമായി പുതിയ രൂപരേഖ
ദേശീയ പാത 66 നിർമാണവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ വി. പി. തുരുത്ത് നിവാസികളുടെ ആശങ്കയ്ക്ക് പരിഹാരമാകുന്നു. റോഡ് നിർമാണം മൂലം നാട്ടുകാരുടെ വഴി അടയുമെന്ന പരാതി പരിശോധിക്കാൻ കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനും പ്രദേശത്ത് സന്ദർശനം നടത്തി. നിർമ്മാണത്തിലിരാക്കുന്ന പുതിയ പാലത്തിൻറെ ഉയരം വളരെ കൂടുതലാണെന്നും ജനങ്ങളുടെ പരമ്പരാഗത പാത അടഞ്ഞുപോകുമെന്ന ആശങ്കയാണ് പ്രദേശവാസികൾക്ക് ഉള്ളത്.
എന്നാൽ, നാട്ടുകാർക്ക് കൊടുങ്ങല്ലൂർ, എറണാകുളം ഭാഗങ്ങളിലേക്ക് സുഗമമായി യാത്ര ചെയ്യുന്നതിനായി സർവീസ് റോഡിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും പ്രത്യേക എൻട്രി/ എക്സിറ്റ് സൗകര്യങ്ങൾ ഉൾപ്പെടുത്തിയുള്ള പുതുക്കിയ അലൈൻമെന്റ് പ്ലാൻ ആണ് ദേശീയപാതാ അതോറിറ്റി അവതരിപ്പിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരുമായി നടത്തിയ ചർച്ചയിൽ ഈ നിർദ്ദേശത്തിന് പൊതുവായ അംഗീകാരം ലഭിച്ചു. പുതുക്കിയ രൂപരേഖയുമായി മുന്നോട്ട് പോകാൻ മന്ത്രി ഒ. ജെ. ജനീഷ് ദേശീയപാതാ അതോറിറ്റിക്ക് നിർദ്ദേശം നൽകി.
കൂടാതെ, ദേശീയപാത നിർമാണം മൂലം വി പി തുരുത്ത് പള്ളിക്ക് സമീപം വെള്ളക്കെട്ടുണ്ടാകുന്നത് ഒഴിവാക്കി മറ്റൊരു സ്ഥലത്തേക്ക് വെള്ളം ഒഴുക്കിവിടാനുള്ള പ്ലാൻ നഗരസഭ തയ്യാറാക്കി പ്രവർത്തിക്കുന്നതനുസരിച്ച് ആവശ്യമായ തുക നൽകി പദ്ധതി നടപ്പിലാക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു.
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് വലിയൊരു പരിഹാരമായതായി പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ യാത്രാ സ്വാതന്ത്ര്യം ഉറപ്പുവരുത്തിക്കൊണ്ട് തന്നെ നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊടുങ്ങല്ലൂർ നഗരസഭാ അധ്യക്ഷ ഹണി പീതാംബരൻ, വൈസ് ചെയർപേഴ്‌സൺ സുമിത നിസാഫ്, ജനപ്രതിനിധികൾ, ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments