Skip to main content

'സുരക്ഷിത കൂടൊരുക്കും കേരളം' ഹെൽപ് ഡെസ്‌ക് പ്രവർത്തനമാരംഭിച്ചു

 

കാലവർഷക്കെടുതി 2018- പ്രകൃതി ദുരന്ത പുനരധിവാസ ഭവന നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ 'സുരക്ഷിത കൂടൊരുക്കും കേരളം' ഹെൽപ് ഡെസ്‌ക് പ്രവർത്തനമാരംഭിച്ചു. 2018 ലെ പ്രളയക്കെടുതിയിൽ പൂർണമായും തകർന്നതും 75 ശതമാനത്തിലേറെ കേട് സംഭവിച്ച് വാസയോഗ്യമല്ലാത്തതുമായ വീടുകളുടെ പുനർ നിർമാണം നടത്തുന്നതിനായി ബ്ലോക്ക് തല ഏകോപനം സാധ്യമാക്കുന്നതിനാണ് ഹെൽപ് ഡെസ്‌ക് ആരംഭിച്ചത്. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ഭവന നിർമാണ വിഭാഗത്തിലാണ് പ്രവർത്തിക്കുന്നത്.

വീട് നിർമാണത്തിനായി ഗുണഭോക്താവിന് ഉപദേശം നൽകുക, ആവശ്യമായ സാമഗ്രികൾ വിവിധ കേന്ദ്രങ്ങളിൽ നിന്നും സർക്കാർ അംഗീകരിക്കുന്ന തുകയ്ക്ക് ലഭ്യമാക്കുക, ഗുണഭോക്താക്കളുടെ സംശയം ദൂരീകരിക്കുക എന്നിവയാണ് ഹെൽപ് ഡെസ്‌കിൽ നിന്നും ലഭിക്കുന്ന പ്രധാന സേവനങ്ങൾ. എല്ലാ അവധി ദിവസങ്ങളിലും ഈ സഹായ കേന്ദ്രം പ്രവർത്തിക്കുന്നതാണ്.

അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഭവന നിർമാണ സഹായ കേന്ദ്രത്തിന്റെ സാങ്കേതിക മേൽനോട്ടം വഹിക്കുന്നത് ബാർട്ടൺ ഹിൽ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. എം. രാജിയാണ്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പ്രകൃതി ദുരന്ത ബാധിതർക്ക് ഭവന നിർമാണവുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി 8281617934, 0471-2222289 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ഹെൽപ് ഡസ്‌കിന്റെ പ്രവർത്തനം ആറു മാസത്തേക്കുണ്ടായിരിക്കും.
   (പി.ആർ.പി. 30/2019)

 

date