Skip to main content

വല്ലാർപാടം പുനരധിവാസം : പ്ലോട്ടുകൾ മണ്ണിട്ടുയർത്തി വാസയോഗ്യമാക്കാൻ കർമ്മപദ്ധതി

 

വല്ലാർപാടം പുനരധിവാസത്തിന്റെ ഭാഗമായി  തുതിയൂർ, ഇന്ദിരാനഗർ, മുളവുകാട് എന്നീ പഞ്ചായത്തുകളിൽ അനുവദിച്ചിട്ടുള്ള പ്ലോട്ടുകളിൽ മണ്ണിട്ടുയർത്തി വാസയോഗ്യമാക്കുന്നതിന് കർമ്മപദ്ധതി.  ജില്ലാ കളക്ടർ ജി. പ്രിയങ്ക, വൈപ്പിൻ എം.എൽ.എ. ടോണി ചമ്മിണി എന്നിവരുടെ അധ്യക്ഷതയിൽ ചേർന്ന മൂലമ്പിള്ളി പാക്കേജ് മോണിറ്ററിങ് കമ്മിറ്റിയുടെ പ്രത്യേക യോഗത്തിലാണ്  തീരുമാനമുണ്ടായത്.

പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സമിതിക്കാണ് കർമ്മപദ്ധതിയുടെ  നടത്തിപ്പ് ചുമതല. കൊച്ചി തുറമുഖ ട്രസ്റ്റ് എക്സിക്യൂട്ടീവ് എൻജിനീയർ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ചീഫ് എൻജിനീയർ, സ്ഥലം തഹസിൽദാർ, പോലീസ്, സമരസമിതി പ്രതിനിധികൾ തുടങ്ങിയവർ ഈ കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും.

പ്ലോട്ടുകളിലേക്ക് ആവശ്യമായ മണ്ണിന്റെ അളവ് തിട്ടപ്പെടുത്തൽ, അവിടേക്ക് മണ്ണ് എത്തിക്കുക, മണ്ണ് കോംപാക്ട് ചെയ്ത് ഉറപ്പിക്കുക എന്നിവയുടെ ചുമതല  പൊതുമരാമത്ത് വകുപ്പിനാണ്. ഇതിനാവശ്യമായ മണ്ണ് പോർട്ട് ട്രസ്റ്റ് ലഭ്യമാക്കും. മണ്ണ് ഇട്ട് ഉയർത്തിയ ശേഷം വീട് നിർമാണത്തിന് ആവശ്യമായ ഉറപ്പും ഗുണനിലവാരവും ഉണ്ടോ എന്ന്  കെ എം ആർ എൽ പരിശോധിച്ചു ഉറപ്പുവരുത്തും. 

​പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളിൽ നിന്ന് ഒരാൾക്കെങ്കിലും ജോലി നൽകുന്നതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ ജില്ലയിൽ നിന്നുള്ള മന്ത്രിമാർ, എം.പി.മാർ, എം.എൽ.എ.മാർ, ജില്ലാ കളക്ടർ എന്നിവരെ ഉൾപ്പെടുത്തി ഉന്നതതല യോഗം വിളിച്ചുചേർക്കും. മുളവുകാട് പുനരധിവാസ ഭൂമിയിൽ മുളവുകാട് പോലീസ് സൂക്ഷിച്ചിരിക്കുന്ന തൊണ്ടിമുതലുകൾ രണ്ടാഴ്ചയ്ക്കകം നീക്കം ചെയ്യും. 
വല്ലാർപാടം- ഐ.സി.ടി.ടി റോഡ് കണക്റ്റിവിറ്റിക്കായി സ്ഥലം വിട്ടുനൽകിയവർക്ക് കണ്ടെയ്നർ റൂട്ടിൽ സൗജന്യ ടോൾ പാസ് അനുവദിക്കാൻ നാഷണൽ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് യോഗം  നിർദ്ദേശം നൽകി.

കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് ലഭിച്ച നഷ്ടപരിഹാര തുകയിൽ നിന്ന് സംസ്ഥാന സർക്കാർ ഉത്തരവിന് വിരുദ്ധമായി വരുമാനനികുതി പിടിച്ചെടുത്തത് തിരിച്ചുനൽകാൻ  കേന്ദ്ര ഇൻകം ടാക്സ് വകുപ്പിന് കത്തയക്കാൻ കൊച്ചി തുറമുഖ ട്രസ്റ്റിനോട് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. 

മൂലമ്പിള്ളി പുനരധിവാസ പാക്കേജ് ഉത്തരവ് പ്രകാരം നൽകേണ്ട വാടക കുടിശ്ശിക അടിയന്തരമായി നൽകുന്നതിനും, കണ്ടെയ്നർ റോഡിൽ നിന്ന് മൂലമ്പിള്ളി പുനരധിവാസ ഭൂമിയിലേക്ക് വാഹനങ്ങൾ എത്തുന്നതിന് സർവീസ് റോഡ് നിർമ്മിക്കുന്നതിനായി എൻ.എച്ച്.എ.ഐ. നൽകിയിട്ടുള്ള പ്രൊപ്പോസലിൽ ഉടൻ തീരുമാനമെടുക്കുന്നതിനും യോഗത്തിൽ നിർദ്ദേശം നൽകി.

​വല്ലാർപാടം കണ്ടെയ്നർ ടെർമിനലിന്റെ റെയിൽപാത നിർമാണത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട ഇടപ്പള്ളി നോർത്ത്, സൗത്ത് വില്ലേജ് പരിധിയിലെ 56 കുടുംബങ്ങൾക്ക് 18 വർഷം മുൻപ് നാല് സെന്റ് വീതം അനുവദിച്ച പ്ലോട്ടുകൾ ചതുപ്പുപ്രദേശമായതിനാൽ താമസയോഗ്യമല്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടെ നിർമിച്ച മൂന്ന് വീടുകളിൽ രണ്ടെണ്ണവും താമസയോഗ്യമല്ലാതായി. വല്ലാർപാടം പദ്ധതിക്കും ഇതോടനുബന്ധിച്ച റോഡിനും റെയിലിനുമായി കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളുടെ പുനരധിവാസത്തിനായി ഏഴിടങ്ങളിലാണ് ഭൂമി അനുവദിച്ചിരുന്നത്. ഇതിൽ തുതിയൂർ മുട്ടുകാൽ റോഡിന് സമീപമുള്ള രണ്ടിടങ്ങളും മുളവുകാട് പോലീസ് സ്റ്റേഷന് സമീപവും അനുവദിച്ച പ്ലോട്ടുകളും വീട് നിർമാണത്തിന് അനുയോജ്യമല്ലെന്ന് ചൂണ്ടിക്കാട്ടി വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ മുൻപ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

കാക്കനാട് ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ വരാപ്പുഴ അതിരൂപത രാഷ്ട്രീയക്കാര്യ  സമിതി പ്രസിഡൻ്റ് ഫാ.  ഫ്രാൻസിസ് സേവിയർ താന്നിക്കാപ്പിള്ളി, സമരസമിതി അംഗങ്ങളായ ഫ്രാൻസിസ് കളത്തുങ്കൽ, വി പി വിൽസൺ, കുരുവിള മാത്യൂസ്, ഏലൂർ ഗോപിനാഥ് , ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date