പ്രളയസാധ്യത പ്രതിരോധിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചു; ജില്ല പൂർണസജ്ജം: ജില്ലാ കളക്ടർ തോട്ടപ്പള്ളിയിലെ 34 ഷട്ടറുകളും തണ്ണീർമുക്കം ബണ്ടിലെ 90 ഷട്ടറുകളും തുറന്നു
ആലപ്പുഴ ജില്ലയിലും അയൽ ജില്ലകളായ പത്തനംതിട്ടയിലും കോട്ടയത്തുമുണ്ടായ കനത്തമഴയെയും നീരൊഴുക്കിനെയും തുടർന്നുള്ള പ്രളയസാധ്യതയെ പ്രതിരോധിക്കാനും വെള്ളം സുഗമമായി കടലിലേക്ക് ഒഴുക്കിപ്പോകാനും ആവശ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിച്ചതായും ജില്ല പൂർണ്ണസജ്ജമാണെന്നും ജില്ലാ കളക്ടർ ഷാജി വി നായർ പറഞ്ഞു. കിഴക്കൻ മലവെള്ളം ഒഴുകിയെത്തി കടലിലേക്ക് പോകുന്ന പ്രധാനവഴിയായ തോട്ടപ്പള്ളി സ്പിൽവേയിലെ മുന്നൊരുക്കങ്ങൾ നേരിട്ടെത്തി പരിശോധിച്ച ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.
ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. തോട്ടപ്പള്ളി സ്പിൽവേയിലെ 40 ഷട്ടറുകളിൽ 39 ഉം പ്രവർത്തനക്ഷമമാണ്. ഇതിൽ 34 എണ്ണം നിലവിൽ തുറന്നിട്ടുണ്ട്. ശനിയാഴ്ച്ച വൈകുന്നേരത്തോടുകൂടി 39 ഷട്ടറുകളും പൂർണമായി തുറക്കും. നിലവിൽ നീരൊഴുക്ക് വലിയ തോതിലില്ലെങ്കിലും വൈകുന്നേരത്തോടുകൂടി നീരൊഴുക്ക് വർധിക്കും എന്നാണ് കരുതുന്നത്. തണ്ണീർമുക്കം ബണ്ടിലെ 90 ഷട്ടറുകളും അന്ധകാരനഴിയിലെ നാല് ഷട്ടറുകളും തുറന്നിട്ടുണ്ട്. ഇവിടെ പൊഴിമുറിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ശനിയാഴ്ച്ച രാവിലെ തന്നെ ആരംഭിച്ചിട്ടുണ്ട്. കുട്ടനാട്ടിൽ ജലനിരപ്പ് ഉയരാതിരിക്കാൻ വേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്.
പ്രളയസാധ്യതാ പ്രതിരോധ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് ജില്ലയിലെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി ശനിയാഴ്ച്ച രാവിലെ തന്നെ യോഗം ചേർന്നിരുന്നു. വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കി പ്രളയസാധ്യത പ്രതിരോധിക്കാനായി റവന്യു വകുപ്പടക്കം മേൽനോട്ടം വഹിക്കുന്ന ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും ഞായറാഴ്ച്ചയും പ്രവൃത്തിദിനമാക്കിയിട്ടുണ്ട്. എല്ലാ താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തന സജ്ജമാണ്. നിലവിൽ ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. നദീതീരങ്ങളിൽ കഴിയുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. കിഴക്കൻ വെള്ളം ജില്ലയിൽ ആദ്യമെത്തുന്ന ചെങ്ങന്നൂരിലേക്ക് 20 അംഗ എൻഡിആർഎഫ് സംഘത്തെയും മൂന്ന് ബോട്ടുകളെയും അടിയന്തരമായി എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു. ജലാശയങ്ങളിൽ ഇറങ്ങാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രതപാലിക്കണമെന്നും കായലുകളിലും നദികളിലും മത്സ്യബന്ധത്തിനേർപ്പെടുന്നവർ കരുതലെടുക്കണമെന്നും ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടി. മേജർ ഇറിഗേഷൻ എഞ്ചിനീയർ പി എസ് വിനോദും ജില്ലാകളക്ടർക്കൊപ്പമുണ്ടായിരുന്നു.
- Log in to post comments