Skip to main content

തിരൂരങ്ങാടി താലൂക്കില്‍ ഓണ വിപണിയില്‍ പരിശോധന ശക്തമാക്കി

ഓണക്കാലത്തെ വിലക്കയറ്റവും ക്രമക്കേടുകളും തടയുന്നതിനായി തിരൂരങ്ങാടി താലൂക്കില്‍ പൊതുവിപണിയില്‍ പരിശോധന ശക്തമാക്കി. വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കല്‍, അളവുതൂക്ക ഉപകരണങ്ങളില്‍ മുദ്ര പതിപ്പിക്കാതിരിക്കല്‍, മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കളുടെ വിപണനം തുടങ്ങിയ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.  താലൂക്കില്‍ ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തില്‍ 48 ഓളം പൊതുവിപണി പരിശോധനകള്‍ നടത്തി. ഇന്ന് (വെള്ളി) വിവിധ വകുപ്പുകള്‍ സംയുക്തമായി പെരുവള്ളൂര്‍ പഞ്ചായത്ത് പരിധിയിലെ 12 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ക്രമക്കേട് കണ്ടെത്തിയ കടയുടമകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുകയും, മുദ്ര പതിപ്പിക്കാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ച രണ്ട് കടയുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. ലൈസന്‍സ് എടക്കല്‍, പാക്കിംഗ് രജിസ്‌ട്രേഷന്‍ എന്നിവ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും വ്യാപാരികള്‍ക്ക് നല്‍കിയിട്ടുണ്ട്.  ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട അപാകതകള്‍ കണ്ടെത്തിയ ഒരു സ്ഥാപനത്തിന് നോട്ടീസ് ശുപാര്‍ശ ചെയ്യുകയും രണ്ട് സ്ഥാപനങ്ങള്‍ക്ക് പോരായ്മകള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.  തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസര്‍ ഷീജാമോള്‍ ടി.എസ്, റവന്യൂ ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്‍. ജയശങ്കര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ ഹാജറ എം.യു, ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ജിജി മേരി ജോണ്‍സണ്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ അശ്വതി ജി.എസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. വരും ദിവസങ്ങളിലും താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരും.

date