കൺസ്യൂമർഫെഡ് ഓണം വിപണികള്‍ക്ക് ജില്ലയിൽ തുടക്കം. ജില്ലാതല ഉദ്ഘാടനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു
ഓണക്കാല വിപണിയിലെ വിലക്കയറ്റം തടയാനും പൊതുജനങ്ങൾക്ക് ന്യായവിലയിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കാനുമായി കൺസ്യൂമർഫെഡ് ഒരുക്കുന്ന ഓണം വിപണികള്‍ക്ക് ജില്ലയിൽ തുടക്കമായി. സഹകരണ വകുപ്പിന്റെയും വിവിധ സർവീസ് സഹകരണ ബാങ്കുകളുടെയും നേതൃത്വത്തിൽ ജില്ലയിൽ സജ്ജമാക്കിയ 148 ഓണം വിപണികളുടെ ജില്ലാതല ഉദ്ഘാടനവും മലപ്പുറം സര്‍വീസ് സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന ഓണം ഫെയർ 2026-ന്റെ ഉദ്ഘാടനവും വ്യവസായ-ഐ.ടി-എ.ഐ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. ആഘോഷവേളകളിൽ സാധാരണക്കാർക്ക് ആശ്വാസമേകാൻ സർക്കാരും വിവിധ സർക്കാർ ഏജൻസികളും സഹകരണ മേഖലയും കാര്യക്ഷമമായി വിപണിയിൽ ഇടപെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. മേളകളിൽ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ആകർഷകമായ വിലക്കുറവിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും ജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം കുന്നുമ്മലിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ. വി. റിനിഷ അധ്യക്ഷത വഹിച്ചു. ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ (ജനറൽ) റെനി എബ്രഹാം ആദ്യവിൽപ്പന നിർവഹിച്ചു. കൺസ്യൂമർഫെഡ് ഡയറക്ടർ ഗോകുൽദാസ് കോട്ടയിൽ, നഗരസഭാ വൈസ് ചെയർപേഴ്സൺ ജിതേഷ് ജി. അനിൽ, മലപ്പുറം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് റഹ്മത്തുല്ല തറയിൽ, വൈസ് പ്രസിഡന്റ് ഷൗക്കത്ത് ഉപ്പൂടൻ, ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ (ഓഡിറ്റ്) പി. ശ്രീധരൻ, നഗരസഭാ പൊതുമരാമത്ത് സ്ഥിരസമിതി ചെയർപേഴ്സൺ ഹാരിസ് ആമിയൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. മലപ്പുറം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എൻ. അലവി സ്വാഗതവും കൺസ്യൂമർഫെഡ് റീജിയണൽ മാനേജർ ആർ. ജയകുമാർ നന്ദിയും പറഞ്ഞു.
ഓഗസ്റ്റ് 16 മുതൽ 25 വരെയാണ് ഓണം വിപണികള്‍ പ്രവർത്തിക്കുക. ജില്ലയിലെ വിവിധ സഹകരണ സംഘങ്ങൾ വഴി 136 ചന്തകളും 12 ത്രിവേണി യൂണിറ്റുകളും ഉൾപ്പെടെ ആകെ 148 ഓണച്ചന്തകളാണ് ഓണം വിപണിയുടെ ഭാഗമായി കൺസ്യൂമർഫെഡ് ജില്ലയിൽ ഒരുക്കുന്നത്. പൊതുവിപണിയേക്കാൾ 30 ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവിൽ 13 ഇനം സാധനങ്ങളാണ് ഓണം വിപണിയിലൂടെ സബ്‌സിഡി നിരക്കിൽ നൽകുന്നത്. ജയ അരി, കുറുവ അരി, മട്ട അരി എന്നിവ കിലോയ്ക്ക് 33 രൂപ നിരക്കിലും പച്ചരി 29 രൂപയ്ക്കും പഞ്ചസാര 34 രൂപയ്ക്കും ഉഴുന്ന് 87 രൂപയ്ക്കും ചെറുപയർ, വൻപയർ എന്നിവ 68 രൂപയ്ക്കും കടല 63 രൂപയ്ക്കും തുവരപ്പരിപ്പ് 83 രൂപയ്ക്കും മുളക് 136.5 രൂപയ്ക്കും 500 ഗ്രാം മല്ലി 47.25 രൂപയ്ക്കും അര ലിറ്റർ വെളിച്ചെണ്ണ 116 രൂപയ്ക്കും ലഭ്യമാകും. ഇതിനുപുറമെ 10 ശതമാനം മുതൽ 40 ശതമാനം വരെ വിലക്കുറവിൽ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, തേയില, വെളിച്ചെണ്ണ ഉൾപ്പെടെയുള്ള 51 ഇനം ത്രിവേണി ഉൽപന്നങ്ങളും പ്രമുഖ ബ്രാൻഡുകളുടെ സാധനങ്ങളും നോൺ സബ്‌സിഡി ഇനങ്ങളായി മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്.
- Log in to post comments