Skip to main content

കർഷക ദിനാഘോഷം : സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (17/08/2026) 

 

സംസ്ഥാന കർഷക ദിനാഘോഷവും കർഷക അവാർഡ് വിതരണവും  മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഇന്ന് രാവിലെ 10 മണിക്ക് ആഷിസ് കൺവെൻഷൻ സെൻററിൽ വച്ച് നടക്കുന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് അധ്യക്ഷത വഹിക്കും. 

ഫിഷറീസ് വകുപ്പ് മന്ത്രി വി. ഇ. അബ്ദുല്‍ ഗഫൂര്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍, ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. എംപിമാരായ ഹൈബി ഈഡന്‍, ബെന്നി ബെഹ്നാന്‍, ഡീന്‍ കുര്യാക്കോസ്, ജെബി മേത്തര്‍, ഹാരിസ് ബീരാന്‍, ഫ്രാൻസിസ് ജോർജ്, എന്നിവരും എം.എല്‍.എമാരും മറ്റ് ജനപ്രതിനിധികളും കര്‍ഷകരും കാര്‍ഷിക മേഖലയിലെ വിദഗ്ധരും ചടങ്ങില്‍ പങ്കെടുക്കും.

കാര്‍ഷിക മേഖലയിലെ മികവിനെയും സമഗ്ര സംഭാവനകളെയും ആദരിച്ച് 38 വിഭാഗങ്ങളിലായി സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഇതില്‍ അഞ്ച് ലക്ഷം രൂപ സമ്മാനത്തുകയോടെയുള്ള 'ശ്രീ ഉമ്മന്‍ ചാണ്ടി സ്മാരക സമഗ്ര സംഭാവന പുരസ്‌കാരം' ആദ്യമായി സമ്മാനിക്കുന്നതും, 'മട്ടുപ്പാവ് കൃഷി ചെയ്യുന്ന മികച്ച കര്‍ഷകന്‍', 'ഉദ്യാന ശ്രേഷ്ഠ' എന്നീ പുതിയ അവാര്‍ഡ് വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതും ഈ വര്‍ഷത്തെ പ്രധാന 
പ്രത്യേകതയാണ്.

സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് കാര്‍ഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യകളും ഉല്‍പ്പന്നങ്ങളും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി വിപുലമായ കാര്‍ഷിക പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള ഭൗമസൂചിക (ജി.ഐ.) പദവി ലഭിച്ച കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, കേരള ഗ്രോ ഉല്‍പ്പന്നങ്ങള്‍, സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, മണ്ണ് സംരക്ഷണ വകുപ്പ്, വിവിധ സര്‍ക്കാര്‍ ഫാമുകള്‍, ഹോര്‍ട്ടികോര്‍പ്പ്, കേര, അഗ്മാര്‍ക്ക്, സഹകരണ മേഖലയിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, കാര്‍ഷിക യന്ത്രവത്കരണ സാങ്കേതികവിദ്യകള്‍, മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, കാര്‍ഷിക സംരംഭകത്വ മാതൃകകള്‍ എന്നിവയുടെ പ്രദര്‍ശന സ്റ്റാളുകളും,  വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും കാര്‍ഷിക ഏജന്‍സികളുടെയും സേവനങ്ങളും പദ്ധതികളും സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങളും പ്രദര്‍ശനത്തിന്റെ ഭാഗമായുണ്ടാകും.

date