എൻഎസ്എസ് ഗ്രീൻ ഗ്രോ.. കർഷക ദിനത്തിൽ വളം വിപണിയിൽ എത്തിച്ച് ഗവൺമെന്റ് ലോ കോളേജിലെ എൻഎസ്എസ് കൂട്ടായ്മ
എറണാകുളം ഗവൺമെന്റ് ലോ കോളേജിലെ ജൈവമാലിന്യങ്ങൾ പൂർണമായും ഇനി വളമായി വിപണിയിലെത്തും.
കോളേജ് അസംബ്ലി ഹാളിൽ നടന്ന ചടങ്ങിൽ ഗോ ഗ്രീൻ ജൈവവള വിതരണത്തിന്റെ ഉദ്ഘാടനം എറണാകുളം എംഎൽഎ ടി .ജെ വിനോദ് നിർവഹിച്ചു.
ജൈവമാലിന്യ പരിപാലനത്തിൽ മലയാളികളുടെ മനോഭാവം മാറ്റത്തിന് ഗവൺമെന്റ് ലോ കോളജ് ഒരു മാതൃകയായി പ്രവർത്തിച്ചതിന് എൻഎസ്എസ് യൂണിറ്റിനെ അദ്ദേഹം അഭിനന്ദിച്ചു.
ഉറവിട ജൈവമാലിന്യ സംസ്കരണത്തിൽ വെല്ലുവിളികൾ ഉയരുമ്പോൾ ഗവൺമെന്റ് ലോ കോളേജ് പൊതുസമൂഹത്തിന് മികച്ച ഒരു സന്ദേശമാണ് നൽകുന്നത്. വളം വിപണനത്തിലൂടെ പൈസ കണ്ടെത്തുക എന്നതിലുപരി പുതിയ തലമുറയെ ഇത്തരം പ്രവർത്തനങ്ങളിലേക്ക് കടന്നുവരുന്നത് ഏറെ ശ്രദ്ധേയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രിൻസിപ്പൽ ഡോ. ബിന്ദു മോൾ വി സി അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീന ഗോകുലൻ ലോഗോ പ്രകാശനം ചെയ്തു. ആദ്യവിതരണം ഡിവിഷൻ കൗൺസിലർ കെ വി പി കൃഷ്ണകുമാർ നിർവഹിച്ചു.
ഹരിത കേരളം മിഷൻ കോർപ്പറേഷൻ കോഡിനേറ്റർ നിസ്സാ നിഷാദ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ലക്ഷ്മി ജി ആർ,. എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറിമാരായ ആദിത്യ കൃഷ്ണ, ജൈത്ര കെ, തീർത്ഥ എൻ, അഞ്ജന റീജ രാജൻ എന്നിവർ സംസാരിച്ചു.
ഹരിത കേരളം മിഷന്റെയും ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും സഹകരണത്തോടുകൂടി കോളേജിൽ സ്ഥാപിച്ച ബയോ കമ്പോസ്റ്റർ ബിന്നിൽ നിന്നുള്ള ജൈവവളമാണ് വിപണിയിൽ എത്തിക്കുന്നത്. കോളേജ് എൻഎസ്എസ് 22 യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിപാലനം നടത്തിവരുന്നത്.
- Log in to post comments