Skip to main content

ആലുവയിലെ 190 എം.എൽ.ഡി ജലശുദ്ധീകരണ പ്ലാന്റിന് സാങ്കേതിക അനുമതി 

 

 

കൊച്ചിയുടെ ദീർഘകാല കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി ആലുവയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പ്രതിദിനം 190 ദശലക്ഷം ലിറ്റർ (190 MLD) ശുദ്ധീകരണ ശേഷിയുള്ള ജലശുദ്ധീകരണ പ്ലാന്റിന് സാങ്കേതിക അനുമതി ലഭിച്ചു.  

കൊച്ചിയുടെ കുടിവെള്ള ക്ഷാമത്തിന് ദീർഘകാല പരിഹാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതിയുടെ വിവിധ ഘട്ടങ്ങളിലെ നടപടികൾ വേഗത്തിലാക്കുന്നതിന് ടി.ജെ. വിനോദ് എം.എൽ.എ ബന്ധപ്പെട്ട വകുപ്പുകളുമായി നിരന്തരം ഇടപെട്ടുവരികയാണ്.  പദ്ധതി നടപ്പാക്കുന്നതിലെ പ്രധാന കടമ്പയാണ് സാങ്കേതിക അനുമതി ലഭിച്ചതോടെ പിന്നിട്ടിരിക്കുന്നത്. ഇനി ടെൻഡർ നടപടികളിലേക്ക് കടക്കുന്നതിനുള്ള നടപടികൾ മാത്രമാണ് അവശേഷിക്കുന്നത്.

ടെൻഡർ നടപടികൾ ആരംഭിക്കുന്നതിന് മുമ്പായി പദ്ധതിയുടെ സാങ്കേതിക അനുമതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (ADB) അധികൃതർ പരിശോധിച്ച് അംഗീകാരം നൽകേണ്ടതുണ്ട്. ഇത് സംബന്ധിച്ച നടപടികൾ  കാലതാമസമില്ലാതെ പൂർത്തിയാക്കണമെന്ന് ടി. ജെ. വിനോദ് എം.എൽ.എ നിർദ്ദേശിച്ചു. സാങ്കേതിക അനുമതിയുടെ വിശദാംശങ്ങൾ അടങ്ങിയ ഫയൽ വകുപ്പ്് മേലധികാരി മുഖേന അടിയന്തരമായി എഡിബിക്ക് സമർപ്പിച്ച് അംഗീകാരം നേടുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

എഡിബിയുടെ അംഗീകാരം ലഭിച്ച ഉടൻ ടെൻഡർ നടപടികളിലേക്ക് കടക്കാനും പദ്ധതി സമയബന്ധിതമായി യാഥാർഥ്യമാക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ കൊച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും കുടിവെള്ള വിതരണ രംഗത്ത് വലിയ മാറ്റമുണ്ടാക്കാനും, നിലവിൽ നേരിടുന്ന കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം ഒരുക്കാനും സാധിക്കുമെന്ന് ടി. ജെ. വിനോദ് എം.എൽ.എ വ്യക്തമാക്കി.

date