നവസ്പർശം പദ്ധതി ഉദ്ഘാടനവും ഉൽപ്പന്നങ്ങളുടെ ആദ്യ വില്പനയും 21 ന്; മന്ത്രി വി ഇ അബ്ദുൾ ഗഫൂർ നിർവഹിക്കും
സാമൂഹ്യ നീതി വകുപ്പിന് കീഴിൽ കാക്കനാട് പ്രവർത്തിക്കുന്ന ഗവ. ആശാഭവനിൽ (മെൻ) നവസ്പർശം പദ്ധതിയുടെ തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി ആരംഭിച്ച ഡിറ്റർജന്റ് നിർമാണയൂണിറ്റിന്റെ ഉദ്ഘാടനവും ഓണാഘോഷവും ഫിഷറീസ്- സാമൂഹ്യനീതി വകുപ്പ് മന്ത്രി വി ഇ അബ്ദുൾ ഗഫൂർ ഓഗസ്റ്റ് 21 ന് രാവിലെ 10.30 ന് നിർവഹിക്കും. പദ്ധതിയുടെ ലോഗോയും മന്ത്രി ഇതോടൊപ്പം പ്രകാശനം ചെയ്യും. ഉമ തോമസ് എം എൽ എ അധ്യക്ഷത വഹിക്കും. നവസ്പർശം ഉൽപ്പന്നങ്ങളുടെ ആദ്യ വില്പന ജില്ലാ കളക്ടർ ജി പ്രിയങ്ക ഏറ്റുവാങ്ങും.
മാനസിക രോഗം ചികിത്സയിലൂടെ നിയന്ത്രണ വിധേയമായവരും ബന്ധുക്കൾ ആരും സ്വീകരിക്കാത്തവരുമായ 18 വയസ് കഴിഞ്ഞ വ്യക്തികളുടെ സംരംക്ഷണത്തിനും ക്ഷേമത്തിലും പുനരധിവാസത്തിനുമായി സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ആശാഭവൻ.
സ്ഥാപനത്തിന്റെ പ്രാരംഭഘട്ടത്തിൽ പ്രഥമ സൂപ്രണ്ട് സ്ഥാനം വഹിച്ച ഇ വി ലതയെ സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ് നായർ ആദരിക്കും. അന്തേവാസികൾക്ക് ഉമ തോമസ് എം എൽ എ ഓണക്കോടി വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ, തൃക്കാക്കര നഗരസഭ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി, വാർഡ് കൗൺസിലർ എ കെ ദേവയാനി എന്നിവർ മുഖ്യാതിഥികളാകും. രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് പ്രിൻസിപ്പൽ പ്രൊഫ. എം ഡി സാജു, നവസ്പർശം പ്രൊജക്ട് കോർഡിനേറ്ററും രാജഗിരി കോളേജ് സോഷ്യൽ സയൻസസ് അസോസിയേറ്റ് പ്രൊഫസറുമായ ഡോ. കെ ആർ അനീഷ്, ഗവൺമെൻറ് പ്രസ്സ് ഡെപ്യൂട്ടി സൂപ്രണ്ട് ആർ രശ്മി, നീറ്റ ജെലാറ്റിൻ ഇന്ത്യ ലിമിറ്റഡ് എംഡി പ്രവീൺ വെങ്കിട്ട് രമണൻ, തൃക്കാക്കര എഫ് എച്ച് സി മെഡിക്കൽ ഓഫീസർ ആർ ഗോപിക പ്രേം, ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം ഫാദർ ജോർജ് ജോഷ്വാ, കാക്കനാട് സതർലാൻഡ് അക്കൗണ്ട്സ് മാനേജർ എൻ ഹരിപ്രസാദ്, ആശാഭവൻ സൂപ്രണ്ട് ഷെനോല ക്ലമൻ്റ് തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments