കൊതുക് ദിന ബോധവത്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ. മുരളീധരൻ നിർവഹിക്കും
കൊതുകുജന്യ രോഗങ്ങൾക്കെതിരെയുള്ള ജാഗ്രതയും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 20-ന് സംസ്ഥാന വ്യാപകമായി ലോക കൊതുക് ദിനം ആചരിക്കുന്നു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കൊതുക് ദിന ബോധവത്കരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 20 ന് രാവിലെ 11 മണിക്ക് വട്ടിയൂർക്കാവ് എസ്.എഫ്.എസ് പാരിഷ് ഹാളിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവ്വഹിക്കും. മേയർ വി.വി. രാജേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൗൺസിലർമാർ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
പരിപാടിയുടെ ഭാഗമായി വട്ടിയൂർക്കാവ് പ്രദേശത്ത് വ്യാപകമായ കൊതുക്, കൂത്താടി നശീകരണ പ്രവർത്തനങ്ങൾ നടക്കും. ഇതിനോടനുബന്ധിച്ച് പൊതുസമ്മേളനം, ബോധവത്കരണ സെമിനാർ, പ്രത്യേക പ്രദർശനം, ഫ്ലാഷ്മോബ് തുടങ്ങിയ വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കൊതുക്, കൂത്താടി നിർമാർജ്ജനവും അവബോധ പ്രവർത്തനങ്ങളും ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ കൊതുകുജന്യ രോഗങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്ത മേഖലകൾ, അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക രോഗപരിശോധനയും പനി സർവേയും നടത്തും. നിലവിൽ രോഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ള സ്ഥലങ്ങളിൽ ഫോഗിങ്, സ്പ്രേയിംഗ് തുടങ്ങിയ ഊർജിത കൊതുക് നിവാരണ നടപടികൾ സ്വീകരിക്കും.
മലമ്പനി തദ്ദേശീയരിൽ കണ്ടെത്തിയ ഇടുക്കി, മലപ്പുറം തുടങ്ങിയ ജില്ലകളിൽ ശക്തമായ കൊതുക് നിവാരണ നടപടികളും കർശനമായ രോഗനിരീക്ഷണവും ഏർപ്പെടുത്തും. മന്തുരോഗം ബാധിച്ചവർക്കായുള്ള പ്രത്യേക സേവനങ്ങളും ക്ലിനിക്കുകളും എല്ലാ ജില്ലകളിലും ഉറപ്പാക്കും.
ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നിവയ്ക്കുള്ള കൃത്യമായ പരിശോധനയും ചികിത്സയും സംസ്ഥാനത്ത് ഉറപ്പുവരുത്തിയിട്ടുണ്ട്. സർക്കാർ ആശുപത്രികൾക്ക് പുറമെ സ്വകാര്യ ആശുപത്രികളിലും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് ചികിത്സ നൽകുന്നത് കൊതുകുജന്യ രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾ പങ്കാളികളാകണമെന്നും ആരോഗ്യ വകുപ്പ് അഭ്യർഥിച്ചു.
പി.എൻ.എക്‌സ്. 3329/2026
- Log in to post comments