Skip to main content

*പൊതു വിപണി പരിശോധന ഉര്‍ജ്ജിതപ്പെടുത്തി*

 

 

ഓണത്തോടനുബന്ധിച്ച് അവശ്യസാധനങ്ങളുടെ കൃത്രിമ ക്ഷാമം, വിലക്കയറ്റം, കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് എന്നിവ തടയുന്നതിന് തൃശ്ശൂര്‍ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം രൂപീകരിച്ച ഓണം സ്‌പെഷ്യല്‍ സ്‌ക്വാഡ് ജില്ലയിലെ സ്ഥാപനങ്ങളിലും കടകളിലും പരിശോധന നടത്തി. പൊതുവിതരണ വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പ്, റവന്യൂ വകുപ്പ്, പോലീസ് വകുപ്പുകള്‍ സംയുക്തമായാണ് വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തിയത്.

 

തൃശ്ശൂര്‍ താലൂക്കിലെ മണ്ണുത്തി, നടത്തറ, ചെമ്പൂക്കാവ്, പെരിങ്ങാവ്, ചേറൂര്‍ മേഖലകളിലെ അരി മൊത്ത വ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടല്‍, പച്ചക്കറി കടകള്‍, ചിക്കന്‍-ഫിഷ് സ്റ്റാളുകള്‍, പലചരക്ക് കടകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ബേക്കറി തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.

 

വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തതും ലൈസന്‍സുകള്‍ ഇല്ലാത്തതും ലൈസന്‍സ് പുതുക്കി സൂക്ഷിക്കാത്തതും അളവ്-തൂക്ക ത്രാസുകള്‍ പതിച്ച രേഖകള്‍ സൂക്ഷിക്കാത്ത/ മാനദണ്ഡപ്രകാരം അല്ലാതെ ഭക്ഷ്യസാധനങ്ങള്‍ പാക്ക് ചെയ്ത് വില്‍പ്പന നടത്തുന്നതും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ സ്ഥാപന ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. ചില സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുകയും, അവശ്യ സാധനങ്ങള്‍ക്ക് കൂടുതല്‍ മാര്‍ജിന്‍ കിട്ടുന്ന രീതിയില്‍ വില്‍പ്പന വില നിര്‍ണ്ണയിച്ചത് കുറപ്പിക്കുകയും കര്‍ശ്ശന താക്കീത് നല്‍കുകയും ചെയ്തു.

 

സ്‌ക്വാഡിന് തൃശ്ശൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ടി. മണികുമാര്‍, ഫുഡ്‌സേഫ്റ്റി ഓഫീസര്‍ അഷ്‌റഫ്, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ജിന്‍സണ്‍, അസിസ്റ്റന്റ് അനൂപ്, റവന്യൂ ജൂനിയര്‍ സൂപ്രണ്ട് ഷീമോന്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ മുഹമ്മദ് മദീന, കൃഷ്ണദാസ്, ജിസ്മി, മിനിമോള്‍, ലസിത, ജലാലുദ്ദീന്‍, പോലീസ് ഓഫീസര്‍ മുഹമ്മദ് മുഷ്‌റഫ് എന്നിവര്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും പരിശോധന തുടരും. 

date