Skip to main content

*ഹെല്‍ത്തി കേരള: ആരോഗ്യവകുപ്പ് ഭക്ഷണശാലകളില്‍ പരിശോധന നടത്തി* 

 

 

ഹെല്‍ത്തി കേരള ക്യാമ്പയിനുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലയില്‍ ഭക്ഷണം - നിര്‍മ്മാണം, വിതരണം നടത്തുന്ന ഹോട്ടല്‍, ബേക്കറി, കൂള്‍ ബാര്‍, കാറ്ററിംഗ് യൂണിറ്റ്, വഴിയോര കച്ചവടം തുടങ്ങി 1106 സ്ഥാപനങ്ങളില്‍ തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ സര്‍വ്വൈലന്‍സ് ഓഫീസര്‍, ജില്ലാ ടെക്‌നിക്കല്‍ അസിസ്റ്റന്റ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലുടനീളം പരിശോധന നടത്തി. സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങള്‍ മുഖേന പ്രാദേശിക പൊതുജനാരോഗ്യ അധികാരി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ സംയുക്തമായാണ് ആരോഗ്യ ശുചിത്വ പരിശോധന നടത്തിയത്. കേരള പഞ്ചായത്ത് രാജ്/ മുനിസിപ്പല്‍ നിയമ പ്രകാരം നിയമലംഘനം നടത്തിയ വിവിധ സ്ഥാപനങ്ങള്‍ക്ക് 65,000 രൂപ പിഴ ചുമത്തി നോട്ടീസ് നല്‍കി. കേരള പൊതുജനാരോഗ്യ നിയമം അനുസരിച്ച് 96 സ്ഥാപനങ്ങള്‍ക്ക് കുറവുകള്‍ പരിഹരിക്കുന്നതിനു ലീഗല്‍ നോട്ടീസ് നല്‍കി. വടക്കാഞ്ചേരി മുനിസിപ്പല്‍ ഏരിയയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചതിനും മലിനജലം പുറത്തേക്ക് ഒഴുക്കിയതിനും സ്റ്റാര്‍ ഹോട്ടല്‍ താത്കാലികമായി അടച്ചുപൂട്ടി.

 

ദേശീയ പുകയില നിയന്ത്രണനിയമം അനുസരിച്ച് നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്കും, പൊതുസ്ഥലത്തു പുകവലി നടത്തിയവരില്‍ നിന്നും 5,400 രൂപ പിഴ ഈടാക്കി. ഓണാഘോഷങ്ങളുടെ ഭാഗമായി എല്ലാ ഭക്ഷണ വിതരണ സ്ഥാപനങ്ങളും ആരോഗ്യജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്. വയറിളക്ക രോഗങ്ങള്‍ കൂടിവരുന്നതിനാല്‍, ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ ശുചിത്വ കാര്യങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. തിളപ്പിച്ചാറിയ ശുദ്ധജലം കുടിക്കുന്നതിനായി നല്‍കുക, ശരിയായ ഇടവേളകളില്‍ കിണര്‍ ക്‌ളോറിനേഷന്‍ നടത്തുക, ഉപയോഗിക്കുന്ന വെള്ളം അംഗീകൃത ലാബില്‍ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കുക, ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്ക് നിയമാനുസൃതമായ ഹെല്‍ത്ത് കാര്‍ഡ് കരുതുക, കുടിവെള്ളം ശേഖരിക്കുന്ന ടാങ്കുകള്‍ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കുക, പൊതുജനാരോഗ്യത്തിന് ഹാനികരമല്ലാത്ത രീതിയില്‍ സ്ഥാപനവും പരിസരവും സൂക്ഷിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഭക്ഷണ വിതരണം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും പാലിക്കണമെന്ന് ജില്ലാ പൊതുജനാരോഗ്യ അധികാരിയായ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. എന്‍.എ ഷീജ അറിയിച്ചു.

date