Skip to main content

സംസ്ഥാനത്ത് വയോജനക്ഷേമ വകുപ്പ് പ്രവർത്തനസജ്ജമാകുന്നു: തസ്തികകൾ പുനർവിന്യസിച്ചു

*പുതിയ പദ്ധതികൾക്കായി പ്രൊപ്പോസലുകൾ സർക്കാരിന് സമർപ്പിച്ചു

വയോജനങ്ങളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ പുതുതായി രൂപീകരിച്ച വയോജനക്ഷേമ വകുപ്പിൽ ജീവനക്കാരുടെ തസ്തികകൾ പുനർവിന്യസിച്ചു. പൊതുഭരണഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പുകളിൽ നിന്നും പ്രധാന തസ്തികകളായ അഡീഷണൽ സെക്രട്ടറിഅണ്ടർ സെക്രട്ടറി,സെക്ഷൻ ഓഫീസർഅസിസ്റ്റന്റുമാർകമ്പ്യൂട്ടർ അസിസ്റ്റന്റുകൾ എന്നിവയാണ് പുനർവിന്യസിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. 

വയോജനക്ഷേമ വകുപ്പിന്റെ പ്രവർത്തനങ്ങൾക്കും വിവിധ ക്ഷേമപദ്ധതികൾക്കുമായി സംസ്ഥാന ബജറ്റിൽ 10 കോടി രൂപ സർക്കാർ വകയിരുത്തിയിരുന്നു. ഈ തുക ഉപയോഗിച്ച് വയോജനങ്ങൾക്കായി വിപുലമായ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വയോജനങ്ങളുടെ ആവശ്യങ്ങൾകഴിവുകൾഉപഭോഗശേഷിതൊഴിൽ/സംരംഭകത്വ സാധ്യതകൾ എന്നിവയെ അടിസ്ഥാനമാക്കി രൂപപ്പെടുന്ന സാമ്പത്തിക പ്രവർത്തനങ്ങളുടെ സമഗ്രമേഖലയായ സിൽവർ എക്കണോമി വകുപ്പിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ്. വയോജന ക്ഷേമവുമായി ബന്ധപ്പെട്ട നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഭരണനിർവഹണംവയോജനക്ഷേമ നയങ്ങളുടെ നടത്തിപ്പ്കേന്ദ്രാവിഷ്‌കൃത വയോജനക്ഷേമ പദ്ധതികളുടെ നടത്തിപ്പ്വിവിധ സംസ്ഥാന വയോജനക്ഷേമ പദ്ധതികളുടെ നടത്തിപ്പ്കേരള സംസ്ഥാന വയോജന കമ്മീഷൻവൃദ്ധസനങ്ങൾ/വയോജന മന്ദിരങ്ങൾ എന്നിവയാണ് വകുപ്പിന് അനുവദിച്ചിരിക്കുന്ന പ്രധാന വിഷയങ്ങൾ.

വയോജനക്ഷേമ വകുപ്പ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനായി പ്രൊപ്പോസലുകൾ സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചു. സംസ്ഥാനതല ഡയറക്ടറേറ്റും ജില്ലാതല ഓഫീസുകളും രൂപീകരിക്കുന്നതിനുംവയോജനക്ഷേമ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി സംസ്ഥാന ഗവേണിംഗ് കൗൺസിൽ രൂപീകരിക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. വയോജനങ്ങളുടെ സമഗ്ര സ്ഥിതിവിവര സർവേ ആരംഭിക്കുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്.

കേരളത്തിൽ മുതിർന്ന പൗരൻമാരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തിരമായി ഇടപെടൽ നടത്താൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ സ്ഥാപിക്കുകയും ഫീൽഡ് തലത്തിൽ അത് ഏകോപിപ്പിച്ച് അടിയന്തിര സഹായം നേരിട്ട് എത്തിക്കുന്നതിനായി റാപ്പിഡ് റെസ്പോൺസ് ടീമിലെ ഫീൽഡ് റെസ്പോൺസ് ഓഫീസർക്ക് ചുമതലയും നൽകുന്ന നടപടികൾ വയോജന ക്ഷേമ രംഗത്ത് അതിവേഗം ഇടപെടലുകൾ നടത്തുന്നതിന് സാധ്യമാക്കും.

സംസ്ഥാന സാങ്കേതിക ഉപദേശക സമിതി രൂപീകരിക്കുന്നതിനുംഎല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വയോജന സൗകര്യ ഡസ്‌ക് ആരംഭിക്കുന്നതിനും വയോജനങ്ങളും യുവതലമുറയും തമ്മിലുള്ള ആശയവിനിമയവും സഹവർത്തിത്വവും ശക്തിപ്പെടുത്തുന്നതിനും പദ്ധതികൾ ആവിഷ്‌കരിക്കും. വയോജന സേവനങ്ങൾക്കായുള്ള പ്രത്യേക പോർട്ടലിലൂടെ വയോജന ദുർബലതാ രജിസ്റ്റർ (Elder Vulnerability Register), കേരള കെയർ വർക്ക്ഫോഴ്സ് രജിസറ്റർസർവീസ് കണക്ട് ഡയറക്ടറിപ്രൊഡക്റ്റീവ് ഏജിംഗ് രജിസ്റ്റർ എന്നിവ നടപ്പിലാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

ജില്ലാ വയോജന സെല്ലുകൾ (14 ജില്ലാ കളക്ടറേറ്റുകളിലും)വയോജന സൗഹൃദ ഓഫീസ് സർട്ടിഫിക്കേഷൻഡിമെൻഷ്യ സൗഹൃദ കേരളം പദ്ധതിവയോജന സൗഹൃദ ആരോഗ്യ മാനദണ്ഡങ്ങൾകുടുംബശ്രീയുമായി ചേർന്നുള്ള വയോജന അയൽപക്ക സഹായ ശൃംഖലകൾ എന്നിവ നടപ്പാക്കുന്നതിനുള്ള നടപടികളും അന്തിമ ഘട്ടത്തിലാണ്.

പി.എൻ.എക്‌സ്. 3501/2026

date