ആദിത്യൻ പുതുതലമുറയ്ക്കുള്ള പാഠപുസ്തകം-കെ.സി.വേണുഗോപാൽ എം.പി -വീട് നിർമാണം ആറുമാസത്തിനകം പൂർത്തിയാക്കും -കൃഷി വകുപ്പുമന്ത്രി ടി.സിദ്ദിഖിന്റെ ഇടപെടൽ വഴിയൊരുക്കി
ഈ വർഷത്തെ മികച്ച വിദ്യാർത്ഥി കർഷകനുള്ള സംസ്ഥാനതല പുരസ്കാരം നേടിയ ചേർത്തല സ്വദേശി ആദിത്യൻ പുതുതലമുറയ്ക്ക് അനുകരിക്കാവുന്ന മാതൃകയും പാഠവുമാണെന്ന് കെ.സി.വേണുഗോപാൽ എം.പി. പറഞ്ഞു.
ആദിത്യന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖിന്റെ ഇടപെടലിനെ തുടർന്ന് നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിടൽ കർമം നിർവഹിച്ച് സംസാരിക്കുകയായിരുന്നു എം.പി. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ് ചടങ്ങിൽ അധ്യക്ഷനായി.
വിദ്യാർഥികളിൽ കാർഷിക സംസ്കാരവും ശാസ്ത്രീയ കൃഷി രീതികളും വളർത്തിയെടുക്കാൻ നടപ്പാക്കുന്ന കൃഷി വകുപ്പിന്റെ കതിര് പോലുള്ള പദ്ധതികൾ ഏറെ പ്രോത്സാഹിക്കപ്പെടേണ്ടതാണെന്ന് കെ.സി വേണുഗോപാൽ എം.പി.പറഞ്ഞു. ചേർത്തല അരീപ്പറമ്പ് പഞ്ചായത്ത് ഓഫീസിന് സമീപത്തായുള്ള സ്ഥലത്താണ് വീട് നിർമിക്കുന്നത്. പുരസ്കാരം ലഭിച്ചപ്പോൾ തന്നെ ആദിത്യന്റെ വീട് സന്ദർശിക്കുകയും കാര്യങ്ങൾ ബോധ്യപ്പെടുകയും ചെയ്തതാണെന്ന് എം.പി.പറഞ്ഞു. വീട് ആറ് മാസത്തിനകം പൂർത്തിയാക്കുമെന്നും എം.പി.പറഞ്ഞു.
സംസ്ഥാനത്തെ കൃഷി വകുപ്പിനും വിദ്യാർഥികൾക്കും ആദിത്യൻ വലിയ പ്രചോതനമാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി ടി.സിദ്ദിഖ് പറഞ്ഞു. എന്താകാനാണ് ആഗ്രഹമെന്ന് അദിത്യനോട് ചോദിച്ചപ്പോൾ അഗ്രിക്കൾച്ചർ പഠിച്ച് നല്ലൊരു കൃഷിക്കാരനാകാൻ അഗ്രഹിക്കുന്നതായി പറഞ്ഞു. അത് പുതുതലമുറയ്ക്കുള്ള സന്ദേശമാണെന്നും മന്ത്രി പറഞ്ഞു.
കളമശ്ശേരി ആഷിസ് കൺവെൻഷൻ സെന്ററിൽ നടന്ന സംസ്ഥാനതല കർഷകദിനാഘോഷ ചടങ്ങിലാണ് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് ആദിത്യന് വീട് നിർമ്മിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചത്. ചേർത്തല അരീപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ആദിത്യൻ അജയൻ-സജിത ദമ്പതികളുടെ ഏക മകനാണ്. സ്വന്തമായി വീടില്ലാതെ ഒറ്റമുറി വീട്ടിൽ താമസിക്കുന്ന ആദിത്യൻ 44 സെന്റ് സ്ഥലത്ത് നെൽകൃഷിയും 20 സെന്റ് പാട്ടഭൂമിയിൽ പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്. ഇതോടൊപ്പം അലങ്കാര മത്സ്യകൃഷി, ആട്, കോഴി, താറാവ്, പശു വളർത്തൽ എന്നിവയും വിജയകരമായി നടത്തിവരുന്നു. ആദിത്യന്റെ വീടെന്ന സ്വപ്നത്തെക്കുറിച്ചുള്ള മാധ്യമവാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് വീട് നിർമ്മിച്ചുനൽകാൻ സന്നദ്ധത അറിയിച്ചത്. മന്ത്രി നൽകിയ വാഗ്ദാനത്തിന്റെ തുടർച്ചയായാണ് വീടിന്റെ നിർമ്മാണത്തിന് തറക്കല്ലിട്ടത്. പരിപാടിയിൽ ജനപ്രതിനിധികൾ,കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
- Log in to post comments