Skip to main content

കോണോത്ത് പുഴ പുനരുജ്ജീവനം: കയ്യേറ്റം കണ്ടെത്തുന്നതിന് 22 മുതൽ സംയുക്ത പരിശോധന

 

കോണോത്ത് പുഴ പുനരുജ്ജീവിപ്പിക്കുന്നതിൻ്റെ ഭാഗമായി കയ്യേറ്റം കണ്ടെത്തി ഒഴിപ്പിക്കുന്നതിന് സെപ്റ്റംബർ 22 മുതൽ സംയുക്ത പരിശോധന ആരംഭിക്കുമെന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ മനോജ്. കളക്ടറേറ്റിൽ എ ഡി എം ൻ്റെ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പുത്തൻകാവ്  മുതൽ  വെട്ടുവേലിക്കടവ് വരെയുള്ള 17 കിലോമീറ്റർ ദൂരത്തിലുള്ള കോണോത്ത് പുഴ പുനരുജ്ജീവിപ്പിക്കുന്നതിനായി ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇറിഗേഷൻ വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇറിഗേഷൻ, സർവേ, വില്ലേജ് ഉദ്യോഗസ്ഥരും വാർഡ് മെമ്പറും അടങ്ങുന്ന സംഘമായിരിക്കും പരിശോധന നടത്തുക.

തീരത്തിൻ്റെ സർവേക്ക് ശേഷം ലഭിച്ച സ്കെച്ച് ഉപയോഗിച്ച് സംഘം കയ്യേറ്റത്തിൻ്റെ വ്യാപ്തി പരിശോധിക്കും. പരിശോധനയുടെ അടിസ്ഥാനത്തിൽ 
കയ്യേറിയ ഭൂമികളുടെ ലിസ്റ്റ് തയ്യാറാക്കി ഒഴിപ്പിക്കൽ പോലെയുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന് എഡിഎം യോഗത്തിൽ അറിയിച്ചു. 

ബണ്ട് നിർമാണത്തിൻ്റെ ഭാഗമായി പുഴയിൽ നിന്നും ഖനനം ചെയ്തെടുത്ത മണ്ണ്, പ്രവൃത്തി പൂർത്തിയാക്കിയതിന് ശേഷം ബാക്കി വരുന്നത് സർക്കാർ ഏജൻസി വഴി ആവശ്യക്കാർക്ക് വിൽക്കാനുള്ള നടപടികൾ സ്വീകരിക്കാൻ എ ഡി എം നിർദേശിച്ചു. 
തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, ചോറ്റാനിക്കര, മുളന്തുരുത്തി, ആമ്പല്ലൂർ, എന്നീ തദ്ദേശസ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന ഇടങ്ങളിൽ
കടവുകൾ നിർമ്മിക്കുന്ന പ്രവൃത്തിയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

യോഗത്തിൽ വിവിധ തദ്ദേശ സ്ഥാപനങ്ങൾ, പാടശേഖര സമിതി എന്നിവയുടെ പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ  ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date