സമൂഹം വലിയ പാഠശാല; ലക്ഷ്യബോധം പ്രധാനം; കളം പരിപാടിയില്‍ ജില്ലാ കളക്ടര്‍
സമൂഹമാണ് ഏറ്റവും വലിയ പാഠശാലയെന്നും ലക്ഷ്യബോധമുള്ളവരായി വളരുകയെന്നതാണ് പ്രധാനമെന്നും ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ്. പ്രതിവാര 'കളം' പരിപാടിയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ശ്രമമേവ ജയതേ- പരിശ്രമിച്ചാല്‍ വിജയം കൈവരിക്കാന്‍ കഴിയും; ഭാവിയില്‍ ആരാവാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് ശാസ്ത്രജ്ഞന്, ഐഎഎസ്, ഡോക്ടര്‍, എഞ്ചിനീയര്‍, അധ്യാപകന് തുടങ്ങിയ മറുപടികള്‍ ഉയര്‍ന്നപ്പോള്‍ ജില്ലാ കലക്ടര്‍ പറഞ്ഞു. എന്നാല്‍ ചെറിയ ക്ലാസ്സ് മുതല്‍തന്നെ സ്വപ്നത്തിലേക്കുള്ള പ്രയാണം തുടങ്ങുകയെന്നത് പ്രധാനമാണ്. ലക്ഷ്യബോധമുള്ള തലമുറകളിലാണ് നാടിന്റെ ഭാവിയും ഭദ്രമാകുന്നത്. പഠനത്തോടൊപ്പം സമൂഹത്തോടുള്ള ഉത്തരവാദിത്തവും കടമയും നിറവേറ്റുകയെന്നതും പ്രധാനപ്പെട്ടതാണ്. ഏത് ജോലിയും ഉത്തരവാദിത്തത്തോടെ നിര്‍വ്വഹിക്കപ്പെടുമ്പോഴാണ് അത് മഹത്തരമാകുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
കണ്ണൂരിന്റെ പൈതൃകവും ഭരണസംവിധാനവും കുട്ടികള്‍ക്ക് പരിചയപ്പെടുത്തിയായിരുന്നു ജില്ലാ കലക്ടറുമായുള്ള 'കളം' പ്രതിവാര വിദ്യാര്‍ത്ഥി സംവാദത്തിന് തുടക്കം. മമ്പറം ഹയര്‍സെക്കന്‍ഡറി സ്കൂളിലെയും പയ്യാമ്പലം ഉര്‍സുലിന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെയും വിദ്യാര്‍ത്ഥികളാണ് ഇത്തവണ കളം പരിപാടിയില്‍ അതിഥികളായെത്തിയത്. വിവിധ വിഷയങ്ങളില്‍ തങ്ങളുടെ അഭിപ്രായങ്ങളും പരാതികളും നിര്‍ദ്ദേശങ്ങളും വിദ്യാര്‍ഥികള്‍ ജില്ലാ കളക്ടര്‍ക്ക് കാര്‍ഡില്‍ എഴുതിനല്‍കി. ലോകത്തെ മാറ്റിമറിച്ച മഹാരഥന്മാരുടെ ജീവിത ചരിത്രങ്ങള്‍ വിവിധ ഗെയിമുകളുടെ രൂപത്തില്‍ കുട്ടികളെ പരിചയപ്പെടുത്തി. അസിസ്റ്റന്റ് കളക്ടര്‍ എസ്. സ്വാതിയും വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ലഹരിക്കെതിരെയും ചൂഷണങ്ങള്‍ക്കെതിരെയും ജാഗ്രത പാലിക്കാനും ഇത്തരം വിപത്തുകള്‍ക്കെതിരെ പോരാടാനും അവര്‍ കുട്ടികളോട് അഭ്യര്‍ത്ഥിച്ചു. ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലെ ഇന്റേണുകളും വിവിധ ക്ലാസ്സുകള്‍ നയിച്ചു.
വിദ്യാലയങ്ങളില്‍ നിന്നും മുന്‍കൂട്ടി രജിസ്ട്രേഷന് നടത്തിയാണ് കളം പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്നത്. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഇതിനകം പരിപാടിയില്‍ പങ്കാളികളായി.
- Log in to post comments