നശാ മുക്ത് ഭാരത് അഭിയാന്‍: ലഹരി വിരുദ്ധ സന്ദേശവുമായി തൃശ്ശൂരില്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു
നശാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി ലഹരി ഉപയോഗത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി തൃശ്ശൂര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റുകളായ 42, 144, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റുകളായ 20, 49 എന്നിവയുടെ സഹകരണത്തോടെ വിദ്യാര്‍ത്ഥികളും എന്‍.എസ്.എസ്. വോളണ്ടിയര്‍മാരും ചേര്‍ന്നാണ് പരിപാടി അവതരിപ്പിച്ചത്.
തൃശ്ശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡ്, വടക്കേ സ്റ്റാന്‍ഡ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളിലാണ് ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചത്. ''സേ നോ ടു ഡ്രഗ്സ്, സേ യെസ് ടു ലൈഫ്'' എന്ന സന്ദേശം പൊതുജനങ്ങളിലേക്കെത്തിച്ചു. ലഹരി വിരുദ്ധ സന്ദേശങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചും സംഗീതവും നൃത്തവും സമന്വയിപ്പിച്ചുമാണ് വിദ്യാര്‍ത്ഥികള്‍ ബോധവല്‍ക്കരണം നടത്തിയത്. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും യുവതലമുറയെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികളാക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്.
- Log in to post comments