Skip to main content

ഗുരുദർശനങ്ങളുടെ പ്രസക്തി വർധിച്ച കാലം: കെ മുരളീധരൻ

*ശ്രീനാരായണഗുരു പ്രതിമയിൽ പുഷ്പാർച്ചന നടത്തി മന്ത്രിമാർ

ശ്രീനാരായണ ഗുരുവിന്റെ ചിന്തകൾ മലയാളികളെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് ആരോഗ്യ-ദേവസ്വം മന്ത്രി കെ മുരളീധരൻ.  ഈ ഹൈടെക് യുഗത്തിൽ പലയിടങ്ങളിൽ നിന്നും തൊട്ടുകൂടായ്മയുടെ വാർത്തകൾ പുറത്തുവരുമ്പോഴും കേരളത്തിൽ പ്രാദേശിക തലത്തിൽ പോലും അത്തരമൊരു കാര്യം റിപ്പോർട്ട് ചെയ്യപ്പെടാത്തത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുവിന്റെ ദർശനങ്ങൾക്ക് പ്രസക്തി വർധിച്ചുവരുന്ന കാലമാണിതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള ഗുരുദേവ പ്രതിമയിൽ ഇനി ഗുരുജയന്തി, സമാധി ദിനങ്ങളിൽ സർക്കാരിന്റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചന നടത്തുമെന്നും മന്ത്രി അറിയിച്ചു.

ഗുരുദേവ ദർശനങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് പോവുക എന്നത് കേരളീയ സമൂഹത്തിന്റെ പ്രാഥമിക ഉത്തരവാദിത്തമാണെന്ന് പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി പറഞ്ഞു. ജനാധിപത്യം, സമത്വം, മാനവികത തുടങ്ങിയവ സംബന്ധിച്ച് ക്രിയാത്മകമായ ചർച്ചകൾ ആരംഭിക്കുന്നതിന് എത്രയോ മുമ്പ് അയിത്തത്തിനെതിരെ പോരാടണമെന്നും സാഹോദര്യത്തിന്റെ പ്രസക്തി ഉയർത്തിക്കാട്ടണമെന്നുമുള്ള വിപ്ലവാത്മകമായ ചിന്തകൾ അദ്ദേഹം സമൂഹത്തിന് പകർന്നുനൽകിയെന്നും മന്ത്രി അനുസ്മരിച്ചു.

തിരുവനന്തപുരം മ്യൂസിയത്തെ ശ്രീ നാരായണ ഗുരു പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രിമാർ. സാംസ്‌കാരിക വകുപ്പും ശ്രീ നാരായണ അന്തർദേശീയപഠന ഗവേഷണ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ 99-മത് മഹാസമാധി ദിനാചരണം മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ശ്രീ നാരായണഗുരുവിന്റെ പ്രതിമയിൽ മന്ത്രി സി പി ജോൺ, എം എൽ എ മാരായ എം വിൻസന്റ്, എൻ ശക്തൻ എന്നിവരും പുഷ്പാർച്ചന നടത്തി. വി. എസ്. ശിവകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ നാരായണ അന്തർദേശീയപഠന ഗവേഷണ കേന്ദ്രം ഡയറക്ടർ പ്രൊഫ. എസ് ശിശുപാലൻ സ്വാഗതം ആശംസിച്ചു. ശരത്ചന്ദ്രപ്രസാദ്, പാലോട് രവി, എം ആർ തമ്പാൻ, ജി സുബോധനൻ, റാണി മോഹൻദാസ്, കെ എ ബാഹുലേയൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഗുരുദേവകൃതികളുടെ ആലാപനം, കവിയരങ്ങ് എന്നിവയും സംഘടിപ്പിച്ചു.

പി.എൻ.എക്‌സ്. 3881/2026

date