ജില്ലാതല അറിയിപ്പുകള്‍
ആയുര്‍വേദ ദിനാചരണം: ജില്ലാതല ഉദ്ഘാടനം ഇന്ന് (സപ്തംബര്‍ 23)
കേരളം സര്‍ക്കാര്‍, നാഷണല്‍ ആയുഷ് മിഷന്‍ കേരളം, ഭാരതീയ ചികിത്സാ വകുപ്പ്, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 11-ാമത് ആയുര്‍വേദ ദിനാചരണത്തിന്റെ കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 23) രാവിലെ 9.30ന് കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടക്കും. 'ആരോഗ്യകരമായ നാളേയ്ക്കായ് ആയുര്‍വേദം' എന്നതാണ് ആയുര്‍വേദ ദിനാചരണത്തിന്റെ പ്രമേയം.
പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം കെ. സുധാകരന്‍ എം.പി. നിര്‍വഹിക്കും. അഡ്വ. ടി. ഒ. മോഹനന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. പി. ഇന്ദിര, കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ഡെപ്യൂട്ടിമേയര്‍ കെ.പി താഹിര്‍, കൗണ്‍സിലര്‍ സഹദ് മാങ്കടവ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ.ജ്യോതി.കെ എന്നിവര്‍ പങ്കെടുക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐഎസ്എം) ഡോ. ദീപ്തി.ഡി.സി ആയുര്‍വേദദിന സന്ദേശം നല്‍കും .
ഉദ്ഘാടന പരിപാടിയുടെ ഭാഗമായി ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ സംഘടിപ്പിക്കും. ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ ആരോഗ്യ ബോധവത്കരണ പരിപാടികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, സ്‌ക്രീനിംഗ് ക്യാമ്പുകള്‍, യോഗാ സെഷനുകള്‍, റേഡിയോ ടോക്ക്, ഫ്‌ളാഷ് മോബ്, ഔഷധസസ്യ പരിചയപ്പെടുത്തല്‍, ഭക്ഷ്യപ്രദര്‍ശനം, ആയുര്‍ക്രാഫ്റ്റ്, പ്രദര്‍ശനങ്ങള്‍ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് ആയുഷ് കള്‍ച്ചറല്‍ പ്രോഗ്രാമും ഉണ്ടായിരിക്കും.
ഫാര്‍മസിസ്റ്റ്, അക്കൗണ്ടന്റ് നിയമനം
കണ്ണൂര്‍ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ന്യായവില വെറ്ററിനറി മെഡിക്കല്‍ ഷോപ്പിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ്, അക്കൗണ്ടന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: ഫാര്‍മസിസ്റ്റ് - ബിഫാം, അക്കൗണ്ടന്റ് - ബി.കോം, ടാലി.
കമ്പ്യൂട്ടര്‍ പരിജ്ഞാനം, പ്രവൃത്തി പരിചയം - അഭികാമ്യം. താല്‍പ്പര്യമുള്ള അപേക്ഷകര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ അസ്സല്‍ സഹിതം സപ്തംബര്‍ 26 രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍ 0497 2700184.
ലാബ് ടെക്നീഷ്യന്‍ നിയമനം
കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ താത്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത- ഡിഎംഎല്‍ടി/ ബിഎസ് സി എംഎല്‍ടി, പ്രവൃത്തി പരിചയം അഭികാമ്യം. പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. താല്‍പ്പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം സെപ്തംബര്‍ 28 രാവിലെ 11 മണിക്ക് മുമ്പായി ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍ 0497 2882106. വെബ്‌സൈറ്റ് gmckannur.edu.in.
ഗസ്റ്റ് അദ്ധ്യാപക നിയമനം
കണ്ണൂര്‍ ഗവ: പോളിടെക്‌നിക്ക് കോളേജില്‍ ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 55% മാര്‍ക്കോടുക്കൂടിയ ബിരുദാനന്തര ബിരുദം. ഉദ്യോഗാര്‍ത്ഥികള്‍ രേഖകള്‍ സഹിതം ഇന്ന് (സപ്തംബര്‍ 23) രാവിലെ 10 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്കും എഴുത്തു പരീക്ഷക്കും ഹാജരാകണം. ഫോണ്‍: 0497 2835106.
ഹിന്ദി ജൂനിയര്‍ അധ്യാപക നിയമനം
പൈവളികെ നഗര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഹിന്ദി വിഷയത്തില്‍ ജൂനിയര്‍ അധ്യാപകന്‍/അധ്യാപിക തസ്തികയില്‍ ഒരു ഒഴിവിലേക്ക് അഭിമുഖത്തിലൂടെ നിയമനം നടത്തുന്നു. അഭിമുഖം സപ്തംബര്‍ 25 വെള്ളി രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍: 9847157120.
അഡ്മിഷന്‍
കണ്ണൂര്‍ വനിത ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ ഐ എം സി യുടെ ആഭിമുഖ്യത്തില്‍ തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റ് സപ്പോര്‍ട്ടോടു കൂടിയ എയര്‍ കാര്‍ഗോ ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക് മാനേജ്മെന്റ്, എയര്‍ലൈന്‍ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ്‌റ് (ഏവിയേഷന്‍), ഇന്റര്‍നാഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. മിനിമം യോഗ്യത പത്താം ക്ലാസ്സ്. ഫോണ്‍: 8921512459.
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ മണ്ണ് പര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ നാഷണല്‍ സോയില്‍ മാപ്പിംഗ് പ്രോഗ്രാമുമായി ബന്ധപ്പെട്ട ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി 1500 സിസി ല്‍ താഴെയുള്ള 5/7 സീറ്റുള്ള ഡീസല്‍/പെട്രോള്‍ ഇന്ധനമായ മള്‍ട്ടിപര്‍പ്പസ് ഇനത്തില്‍ (ഡിക്കി സ്‌പേസ്) ഉള്ള മോട്ടോര്‍ ക്യാബ് ടാക്സി പെര്‍മിറ്റ് വാഹനം, ഡ്രൈവര്‍ ഇന്ധനം ഉള്‍പ്പെടെ 3 മാസ കാലയളവിലേയ്ക്ക് (01.10.2026 മുതല്‍ 06.01.2027 വരെ) പ്രതിമാസ വാടകനിരക്കില്‍ നല്‍കുവാന്‍ താല്പര്യമുള്ള വാഹന ഉടമകളില്‍നിന്നും മുദ്രവച്ച കവറില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സപ്തംബര്‍ 29 രാവിലെ 11 മണി. ഫോണ്‍ 0497 2712818.
ടാക് അദാലത്ത്
കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷന്റെ ടാക് അദാലത്ത് ഒക്ടോബര്‍ അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പയ്യാമ്പലത്തുള്ള കണ്ണൂര്‍ ഡിവിഷനിലെ പോസ്റ്റ് ഓഫീസ് സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കും. മെയില്‍, സ്പീഡ് പോസ്റ്റ് സര്‍വീസ്, പാഴ്‌സല്‍ കൗണ്ടര്‍ സേവനങ്ങള്‍, സേവിംഗ്‌സ് ബാങ്ക്, മണി ഓര്‍ഡറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും അദാലത്തില്‍ പരിഗണിക്കും. തപാല്‍ വകുപ്പ് വാഗ്ദാനം ചെയ്യുന്ന വിവിധ സേവനങ്ങളെക്കുറിച്ച് പരാതിയുള്ളവര്‍ക്ക് സപ്തംബര്‍ 28 നോ അതിനുമുമ്പോ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, കണ്ണൂര്‍ ഡിവിഷന്‍, കണ്ണൂര്‍-670001 വിലാസത്തില്‍ പരാതി അയക്കാം. കവറില്‍ 'ടാക് അദാലത്ത്' എന്ന് എഴുതണം
റാങ്ക് പട്ടിക റദ്ദാക്കി
കണ്ണൂര്‍ ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് -2 (എച്ച്ഡിവി), ഡ്രൈവര്‍ കം അറ്റന്റന്റ് (എച്ചിഡിവി) (നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പര്‍: 017/2021) തസ്തികയുടെ റാങ്ക് പട്ടിക സപ്തംബര്‍ രണ്ടിന് പ്രാബല്യത്തില്‍ റദ്ദാക്കി.
ബാങ്ക് ലോണ്‍ അദാലത്ത്
കണ്ണൂര്‍ താലൂക്ക് പരിധിയിലെ റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിച്ച കേസുകള്‍ ഉള്‍പ്പെടുത്തി സപ്തംബര്‍ 23, 24, 25 തീയതികളിലായി ബാങ്ക് ലോണ്‍ അദാലത്ത് നടത്തുന്നു. കണ്ണപുരം, ചെറുകുന്ന്, പാപ്പിനിശ്ശേരി, കല്ല്യാശ്ശേരി, മാട്ടൂല്‍ വില്ലേജുകള്‍ 23 ന് കണ്ണപുരം സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലും വലിയന്നൂര്‍, കാഞ്ഞിരോട്, മക്രേരി, അഞ്ചരക്കണ്ടി, ഇരിവേരി, ചേലോറ, എടക്കാട്, ചെമ്പിലോട്, കടമ്പൂര്‍, മാവിലായി, മുഴപ്പിലങ്ങാട് വില്ലേജുകള്‍ 24 ന് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം, ചാലയില്‍ വച്ചും കണ്ണൂര്‍ 1, കണ്ണൂര്‍ 2, പുഴാതി, പള്ളിക്കുന്ന്, ചിറക്കല്‍, വളപട്ടണം, അഴീക്കോട് നോര്‍ത്ത്, അഴീക്കോട് സൌത്ത്, കണ്ണാടിപ്പറമ്പ്, നാറാത്ത്, എളയാവൂര്‍, മുണ്ടേരി വില്ലേജുകള്‍ 25 ന് കണ്ണൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലും അദാലത്ത് നടത്തും.
വാദം കേള്‍ക്കല്‍ മാറ്റിവച്ചു
കണ്ണൂര്‍ കലക്ടറേറ്റില്‍ ഇന്ന് (സപ്തംബര്‍ 23 ന്) നടത്താനിരുന്ന പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളിലെ ദേവസ്വം പട്ടയങ്ങളുടെ വാദം കേള്‍ക്കല്‍ നടപടി ഒക്ടോബര്‍ 23 ലേക്ക് മാറ്റിവച്ചു.
സയന്‍സ് പാര്‍ക്ക് ഡയറക്ടര്‍; അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കണ്ണൂര്‍ സയന്‍സ് പാര്‍ക്കില്‍ ഡയറക്ടരുടെ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നല്‍കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യരായ, വിദ്യാഭ്യാസ/ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ച അധ്യാപകര്‍/പ്രൊഫസര്‍മാര്‍/ ശാസ്ത്ര വിദഗ്ധര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. കണ്ണൂര്‍ പരിസരത്തുള്ളവര്‍ക്കും, വിദ്യാഭ്യാസ/ ശാസ്ത്ര-സാങ്കേതിക സ്ഥാപങ്ങളില്‍ സേവനം അനുഷ്ടിച്ച് പരിചയമുള്ളവര്‍ക്കും മുന്‍ഗണന. തല്‍പരരായവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെയും മുന്‍പരിചയ സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പ് സഹിതം സപ്തംബര്‍ 30 നകം സെക്രട്ടറി, ജില്ലാ പഞ്ചായത്ത് കണ്ണൂര്‍ - 670002 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷ അയക്കുന്ന കവറിനു പുറത്ത് 'സയന്‍സ് പാര്‍ക്ക് ഡയറക്ടര്‍ തസ്തികയിലേക്കുള്ള അപേക്ഷ' എന്ന് രേഖപ്പെടുത്തണം. ഫോണ്‍: 0497 2700205.
- Log in to post comments