ഫ്ലു പ്രതിരോധ കുത്തിവെയ്പിന് തുടക്കം: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ബിന്ദു കൃഷ്ണ നിർവഹിച്ചു
ശിശുക്ഷേമ സമിതിയുടെ കീഴിൽ സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന ദത്തെടുക്കൽ - ശിശുപരിചരണ കേന്ദ്രങ്ങളിലെ കുട്ടികൾക്കും അവരെ പരിചരിക്കുന്ന ആയമാർക്കും രോഗപ്രതിരോധ ശേഷി വീണ്ടെടുക്കുന്നതിനായി നൽകുന്ന ഫ്ലു വാക്സിൻ കുത്തിവെയ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം വനിതാ - ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർവഹിച്ചു.
പുതിയ വൈറസുകളും ഫംഗസുകളും മെഡിക്കൽ രംഗത്ത് വലിയ വെല്ലുവിളികൾ സൃഷ്ടിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. പ്രതിരോധ കുത്തിവെയ്പുകളെ അതിജീവിച്ച് രൂപമാറ്റം സംഭവിക്കുന്ന ഇത്തരം വൈറസുകൾക്കെതിരെ കുഞ്ഞുങ്ങൾക്കും അവരെ പരിപാലിക്കുന്ന ജീവനക്കാർക്കും സംരക്ഷണമൊരുക്കേണ്ടത് ആവശ്യമാണ്. ഇൻഫ്ലുവൻസ പനിക്ക് ശേഷം കുട്ടികളിൽ കണ്ടുവരുന്ന വിട്ടുമാറാത്ത ചുമ, കണ്ണിനുണ്ടാകുന്ന ഇൻഫെക്ഷൻ തുടങ്ങിയ തുടർ ആരോഗ്യപ്രശ്നങ്ങൾ തടയാൻ ഫ്ലൂ വാക്സിനേഷൻ സഹായിക്കും. സ്വകാര്യ ആശുപത്രികളിൽ 4,800 രൂപയോളം വിലവരുന്ന ഈ വാക്സിൻ, ജീവകാരുണ്യ പ്രവർത്തകരുടെയും ശിശുക്ഷേമ സമിതിയുടെയും ഫണ്ട് ഉപയോഗിച്ച് സൗജന്യമായാണ് നൽകുന്നത്. ഡോക്ടർമാരുടെ കൃത്യമായ നിർദേശത്തിലും മേൽനോട്ടത്തിലും ഘട്ടങ്ങളായാണ് വാക്സിൻ വിതരണം ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.
എസ്.എ.ടി. ആശുപത്രിയുടെ നിർദേശപ്രകാരം ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നവജാത ശിശുക്കൾക്കാണ് ആദ്യ ഘട്ടത്തിൽ പ്രതിരോധ കുത്തിവെയ്പ് നൽകുന്നത്. ശിശുക്ഷേമ സമിതിയുടെ ആസ്ഥാനത്ത് പുതുതായി നിർമിക്കുന്ന കെട്ടിടത്തിനു മുന്നിൽ കളിയിടം ഒരുക്കുന്നതിനായി ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് രണ്ടു ലക്ഷം രൂപ മന്ത്രിക്ക് കൈമാറി.
ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെയർപേഴ്സൺ അഡ്വ. മോഹൻ രാജ്, സമിതി ട്രഷറർ കെ ജയപാൽ, എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. റിയാസ്, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് സെക്രട്ടറി ഡോ. ശ്രീജിത്ത്, പ്രസിഡന്റ് ഡോ. ഗോപിക, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കവിതാ റാണി രഞ്ജിത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പി.എൻ.എക്സ്. 3914/2026
- Log in to post comments