പോളിടെക്നിക്ക് കോളേജുകളിൽ ലഹരിക്കെതിരെ 'സ്റ്റാൻഡ് വിത്ത് തൂഫാൻ'
പോളിടെക്‌നിക് കോളേജുകൾ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന സമഗ്ര ലഹരിവിരുദ്ധ പ്രവർത്തന പദ്ധതിയായ സ്റ്റാൻഡ് വിത്ത് തൂഫാന് തുടക്കമായി. നാഷണൽ സർവീസ് സ്‌കീം ടെക്‌നിക്കൽ സെല്ലിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പരിപാടി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എൻഎസ്എസ് വോളണ്ടിയർമാർക്ക് മന്ത്രി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പൊതുസമൂഹം ഒന്നടങ്കം സ്വമേധയാ ഏറ്റെടുത്തുവെന്നതാണ് ഓപ്പറേഷൻ തൂഫാന്റെ വിജയരഹസ്യമെന്ന് മന്ത്രി പറഞ്ഞു. സ്വന്തമായി ലക്ഷ്യങ്ങളും ഇഷ്ടങ്ങളും കാത്തുസൂക്ഷിക്കുന്ന യുവതലമുറ ലഹരിക്ക് അടിമപ്പെടില്ല. ലഹരിയുടെ വിപത്തിൽ നിന്ന് പുതുതലമുറയെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം എൻഎസ്എസ് ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.
പോളിടെക്‌നിക് കോളേജുകളെയും കോളേജുകളുടെ ഒന്നര കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളെയും കേന്ദ്രീകരിച്ചാണ് ‘സ്റ്റാൻഡ് വിത്ത് തൂഫാൻ’ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. സമീപ പ്രദേശങ്ങളിലെ ഗ്രാമങ്ങളിലും ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. കൂടാതെ, കോളേജുകൾക്ക് സമീപമുള്ള പ്രൈമറി സ്‌കൂളുകളിലും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.
ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ എൻഎസ്എസ് വോളണ്ടിയർമാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിലെ എൻഎസ്എസ് യൂണിറ്റുകളിൽ ‘തൂഫാൻ സെൽ’ രൂപീകരിച്ചിട്ടുണ്ട്. വിദ്യാർഥികൾക്കിടയിലെ ലഹരിവിരുദ്ധ ബോധവത്കരണം, സമൂഹ കേന്ദ്രീകൃത ഇടപെടലുകൾ, വിവിധ സന്നദ്ധ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് തൂഫാൻ സെൽ നേതൃത്വം നൽകും.
തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ജയപ്രകാശ് പി. അധ്യക്ഷനായി. സ്റ്റാൻഡ് വിത്ത് തൂഫാൻ സംസ്ഥാനതല മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു.
പി.എൻ.എക്‌സ്. 3921/2026
- Log in to post comments