ലഹരിക്കെതിരെ ബോധവൽക്കരണവുമായി സ്കിറ്റ് മത്സരം സംഘടിപ്പിച്ചു
നാഷണൽ ആക്ഷൻ പ്ലാൻ ഫോർ ഡ്രഗ് ഡിമാൻഡ് റിഡക്ഷൻ പദ്ധതിയുടെയും നശാ മുക്ത് ഭാരത് അഭിയാന്റെയും ഭാഗമായി തൃശ്ശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസും തൃശ്ശൂർ സെന്റ് മേരീസ് ഓട്ടോണമസ് കോളേജിലെ സാമൂഹിക പ്രവർത്തക വിഭാഗവും സംയുക്തമായി ലഹരിവിരുദ്ധ സ്കിറ്റ് മത്സരം സംഘടിപ്പിച്ചു. “സേ നോ ടു ഡ്രഗ്സ്, സേ യെസ് ടു ലൈഫ്” എന്ന പ്രമേയത്തിൽ സെന്റ് മേരീസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി തൃശ്ശൂർ സിറ്റി നാർക്കോട്ടിക് സെല്ലിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സനീഷ് ബാബു ഉദ്ഘാടനം ചെയ്തു. സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ ഡോ. മീന കെ. ചെറുവത്തൂർ അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ. ആർ. പ്രദീപൻ, സെന്റ് മേരീസ് കോളേജ് സാമൂഹിക പ്രവർത്തക വിഭാഗം മേധാവി സി. ജോഷി കുര്യൻ , സീനിയർ സൂപ്രണ്ട് സിനോ സേവി തുടങ്ങിയവർ സംസാരിച്ചു.
വിദ്യാർത്ഥികളിൽ ലഹരിക്കെതിരെ അവബോധം വളർത്താൻ സംഘടിപ്പിച്ച മത്സരത്തിൽ അഞ്ച് കോളേജ് ടീമുകൾ പങ്കെടുത്തു. തൃശ്ശൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഒന്നാം സ്ഥാനവും സെന്റ് മേരീസ് ഓട്ടോണമസ് കോളേജ് രണ്ടാം സ്ഥാനവും വിമല കോളേജ് മൂന്നാം സ്ഥാനവും നേടി.
- Log in to post comments