ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയില്‍ നവീന പ്രോജക്ടുകള്‍ക്ക് സാമ്പത്തിക സഹായം
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, കേരള സ്മാള്‍ ഫാര്‍മേഴ്സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം, ആത്മ മുഖേന കര്‍ഷക ഉത്പാദന സംഘങ്ങള്‍ക്ക് ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയില്‍ നവീന പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫാം പ്ലാന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ബ്ലോക്കുകളില്‍ രൂപീകരിച്ചിട്ടുള്ള കര്‍ഷക ഉത്പാദക സംഘങ്ങള്‍ (രജിസ്ട്രേഷന് ചെയ്ത ഒരു വര്‍ഷം തികഞ്ഞവ), ജില്ലയില്‍ വിവിധ ഏജന്‍സികളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നതും മുന്‍കാലങ്ങളില്‍ ഇതേ ഘടകത്തില്‍ സാമ്പത്തിക സഹായം ലഭിക്കാത്തതുമായ കര്‍ഷക ഉത്പാദക കമ്പനികള്‍ (രജിസ്ട്രേഷന് ചെയ്തു മൂന്നുവര്‍ഷം തികഞ്ഞവ) എന്നിവയ്ക്ക് അപേക്ഷിക്കാം. പഴങ്ങള്‍, പച്ചക്കറികള്‍, പൂക്കള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ഔഷധസസ്യങ്ങള്‍, കശുമാവ് ഉള്‍പ്പെടെയുള്ള പ്ലാന്റേഷന് വിളകള്‍ കിഴങ്ങുവര്‍ഗങ്ങള്‍, കൂണ് മുതലായ മേഖലകളില്‍ വിളവെടുപ്പാനന്തര സേവനങ്ങള്‍ക്കും മൂല്യ വര്‍ധിത ഉത്പന്ന നിര്‍മാണത്തിനും ആവശ്യമായ സ്റ്റോറേജ് സംവിധാനങ്ങള്‍, പാക്ക് ഹൗസുകള്‍, സംസ്കരണ യൂണിറ്റുകള്‍ക്കാവശ്യമായ യന്ത്രസാമഗ്രികള്‍ മറ്റ് ഭൗതിക സൗകര്യങ്ങള്‍ എന്നിവയ്ക്കാണ് ആനുകൂല്യം നല്‍കുന്നത്. പ്രോജക്ട് ചെലവിന്റെ 80 ശതമാനം സഹായമായി അനുവദിക്കും. അപേക്ഷ ഒക്ടോബര്‍ അഞ്ചിനകം ആത്മ പ്രോജക്ട് ഡയറക്ട്രേറ്റ്, സിവില്സ്റ്റേഷന്, കൊല്ലം വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍ - 0474-27920280.
- Log in to post comments