കോഴിക്കോട് അഗ്നിവീർ റിക്രൂട്ട്മെന്റ് റാലി 7 മുതൽ 16 വരെ*
കരസേനയിലേക്ക് പുരുഷന്മാർക്കും സ്ത്രീകൾക്കുമായി നടത്തുന്ന അഗ്നിവീർ റിക്രൂട്ട്മെന്റ് റാലി ഒക്ടോബർ ഏഴ് മുതൽ 16 വരെ കോഴിക്കോട് ഗവ. കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ സ്റ്റേഡിയത്തിൽ കോഴിക്കോട് ആർമി റിക്രൂട്ടിംഗ് ഓഫീസിന്റെ നേതൃത്വത്തിൽ നടത്തും.
ജൂൺ ഒന്ന് മുതൽ 12 വരെ നടത്തിയ ഓൺലൈൻ കോമൺ എൻട്രൻസ് പരീക്ഷയിൽ യോഗ്യത നേടി തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്കാണ് റാലിയിൽ പങ്കെടുക്കാൻ അവസരം. അഗ്നിവീർ ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ, ട്രേഡ്സ്മാൻ തസ്തികകളിലേക്ക് മലബാർ/ഉത്തര കേരള മേഖലയിലെ എട്ട് ജില്ലകളിൽ നിന്നുള്ളവർക്കും (കോഴിക്കോട്, കാസറഗോഡ്, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ, വയനാട്) മാഹി, ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുള്ളവർക്കുമാണ് അവസരം. കൂടാതെ, അഗ്നിവീർ ക്ലാർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ, അഗ്നിവീർ വുമൺ മിലിട്ടറി പോലീസ് തസ്തികകളിലേക്ക് കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിലെ മുഴുവൻ ജില്ലകളിൽ നിന്നുള്ളവർക്കും മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം.
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഡ്മിറ്റ് കാർഡുകൾ ഇതിനകം അയച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഇൻഡിവിജ്വൽ ലോഗിൻ അക്കൗണ്ട് അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡി വഴി ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ (www.joinindianarmy.nic.in) നിന്ന് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
തിരഞ്ഞെടുപ്പ് പൂർണ്ണമായും ഓൺലൈൻ സി.ഇ.ഇ പരീക്ഷയിലെയും റാലിയിലെ കായിക-വൈദ്യ പരിശോധനകളിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള മെരിറ്റ് അനുസരിച്ചായിരിക്കും. അതിനാൽ, ഇടനിലക്കാരുടെയും ഏജന്റുമാരുടെയും തട്ടിപ്പുകളിൽ വീഴരുതെന്ന് ആർമി റിക്രൂട്ടിംഗ് ഡയറക്ടർ കേണൽ സന്ദീപ് ശ്രീധരൻ മുന്നറിയിപ്പ് നൽകി.
- Log in to post comments