കുട്ടനാട്ടിലെ ജലസ്രോതസ്സുകളുടെ ശുചീകരണ നടപടികൾ വിലയിരുത്തി
കുട്ടനാട്ടിലെ വിവിധ ജലസ്രോതസ്സുകളുടെ ശുചീകരണവും പുനർനിർമ്മാണ പ്രവർത്തികളും കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ വിലയിരുത്തി. ജില്ല കളക്ടർ അധ്യക്ഷനായി. കനാലുകളുടെ ആഴം കൂട്ടാൻ നടപടികൾ സ്വീകരിക്കണം. ബണ്ടുകളിലേക്കുള്ള നീരൊഴുക്ക് സുഗമമാകണം. തോട്ടപ്പള്ളി,തണ്ണീർമുക്കം ബണ്ടുകളിൽ ആവശ്യമുള്ളിടത്ത് അറ്റകുറ്റപണികൾ നടത്തണം. കനാലുകളിലെ ശുചീകരണം സാധ്യമാക്കാൻ പോള നിർമ്മാർജ്ജനത്തിന് തുക അനുവദിക്കാൻ എസ്റ്റിമേറ്റ് തയ്യാറാക്കാനും തീരുമാനിച്ചു. കനാലുകൾ പമ്പാ അച്ചൻകോവിൽ മേഖലയുമായി സന്ധിക്കുന്ന സ്ഥലങ്ങളിൽ ആഴം കൂട്ടണം. നദികളിലെ പാലങ്ങളുടെ തൂണുകളിൽ മാലിന്യം അടിഞ്ഞുകൂടി സമീപപ്രദേശങ്ങൾ വെള്ളക്കെട്ടിൽ ആകുന്നത് പരിഹരിക്കാൻ കൃത്യമായ മാലിന്യനിർമാർജന സംവിധാനം ഏർപ്പെടുത്താനും നിർദ്ദേശിച്ചു. കനാലുകളും ജലാശയങ്ങളും ശുചീകരിച്ചതിനുശേഷം തുടർസംരക്ഷണം ഉറപ്പാക്കാൻ പ്രദേശവാസികളെ ഉൾപ്പെടുത്തി ജനകീയ കമ്മിറ്റികൾ രൂപീകരിക്കണം. അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കണം. ബണ്ടുകൾ ബലപ്പെടുത്തുന്നതിനും നവീകരണത്തിനും പ്രത്യേക പദ്ധതി പഞ്ചായത്ത് തലങ്ങളിൽ തയ്യാറാക്കണമെന്നും യോഗത്തിൽ നിർദ്ദേശമുയർന്നു.ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments