Skip to main content

കൊച്ചിയിലെ കുടിവെള്ളക്ഷാമം: നിയമസഭയിൽ സബ്മിഷനുമായി ടി.ജെ. വിനോദ് എം.എൽ.എ

ഉദ്യോഗസ്ഥ വീഴ്ചകളിൽ കർശന നടപടിയെന്ന് മന്ത്രി മോൻസ് ജോസഫ്; കൊച്ചിയിലെ എം.എൽ.എമാരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി അടിയന്തര യോഗം ചേരും

 കൊച്ചി നഗരത്തിലും എറണാകുളം നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലും കഴിഞ്ഞ മൂന്ന് മാസമായി തുടരുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം ടി.ജെ. വിനോദ് എം.എൽ.എ നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചു. ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് മറുപടി നൽകി. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തിൽ ഗുരുതരമായ വീഴ്ചകൾ ഉണ്ടായെന്ന പരാതികൾ വിവിധ തലങ്ങളിൽ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. നിയമസഭാ സമ്മേളനം കഴിഞ്ഞാലുടൻ കൊച്ചിയിലെ എം.എൽ.എമാർ ഉൾപ്പെടെ ബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർത്ത് അടിയന്തര നടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു.

ചിറ്റൂർ, വടുതല, പച്ചാളം, തട്ടാഴം, അയ്യപ്പൻകാവ്, എളമക്കര, കലൂർ തുടങ്ങിയ പ്രദേശങ്ങളിലും നഗരമധ്യത്തിലെ പി.ടി. ഉഷ റോഡ്, ടി.ഡി. റോഡ് എന്നിവിടങ്ങളിലും അതിരൂക്ഷമായ കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നതെന്ന് ടി.ജെ. വിനോദ് എം.എൽ.എ സഭയുടെ ശ്രദ്ധയിൽപ്പെടുത്തി. കുടിവെള്ളത്തിനായി ജനങ്ങൾ തമ്മിൽ തർക്കങ്ങളുണ്ടാകുന്ന സാഹചര്യം പോലും നിലനിൽക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണുന്നതിനൊപ്പം ജലവിതരണത്തിലെ വീഴ്ചകൾ കണ്ടെത്തി ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

തമ്മനത്തെ ടാങ്ക് തകർന്നതിനു പിന്നാലെ ജലവിതരണ പ്രതിസന്ധി

ആലുവയിൽ നിന്നും മരടിൽ നിന്നും ലഭിക്കുന്ന വെള്ളം തമ്മനത്തെ 135 എം.എൽ.ഡി. ശേഷിയുള്ള ടാങ്കിൽ സംഭരിച്ചാണ് കൊച്ചി നഗരത്തിൽ വിതരണം ചെയ്തിരുന്നത്. എന്നാൽ 2025 നവംബർ 10-ന് കാലപ്പഴക്കം മൂലം ടാങ്കിന്റെ 65 എം.എൽ.ഡി. ശേഷിയുള്ള ഒരു അറ തകർന്നു. തുടർന്ന് വിദഗ്ധ നിർദേശപ്രകാരം ശേഷിക്കുന്ന 65 എം.എൽ.ഡി. ശേഷിയുള്ള അറയിൽ ഏകദേശം 40 എം.എൽ.ഡി. വെള്ളം മാത്രം സംഭരിച്ച് പമ്പ് ചെയ്താണ് ജലവിതരണം നടത്തിവരുന്നത്.

ടാങ്കിന്റെ ഒരു അറ തകർന്നതിനെത്തുടർന്ന് കുടിവെള്ളക്ഷാമം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തുടക്കത്തിൽ വലിയ ബുദ്ധിമുട്ടുകളില്ലാതെ വിതരണം നടന്നിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി നഗരത്തിൽ ഗുരുതരമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നത് ആശങ്കാജനകമാണ്. നേരത്തെ ലഭിച്ചുകൊണ്ടിരുന്ന വെള്ളത്തിന്റെ ലഭ്യതയിൽ കുറവുണ്ടാകാനുള്ള കാരണം അടിയന്തരമായി കണ്ടെത്തണമെന്നും വിതരണത്തിലെ അപാകതകൾ പരിശോധിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥ വീഴ്ചകളിൽ റിപ്പോർട്ട് തേടി; കർശന നടപടിക്ക് നിർദേശം

കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തിൽ ഗുരുതരമായ വീഴ്ചകൾ ഉണ്ടായെന്ന പരാതികൾ വിവിധ തലങ്ങളിൽ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകാൻ ഉന്നത ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിയമസഭാ സമ്മേളനം കഴിഞ്ഞാലുടൻ കൊച്ചിയിലെ എം.എൽ.എമാർ ഉൾപ്പെടെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർക്കും. നിലവിലെ പ്രതിസന്ധിയുടെ കാരണങ്ങൾ പരിശോധിച്ച് ജലവിതരണം മെച്ചപ്പെടുത്തുന്നതിനും കുടിവെള്ളക്ഷാമത്തിന് അടിയന്തര പരിഹാരം കാണുന്നതിനുമുള്ള നടപടികൾ യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു.

ആലുവയിൽ 190 എം.എൽ.ഡി. ജലശുദ്ധീകരണശാലയ്ക്ക് ₹523 കോടി

സബ്മിഷന് നൽകിയ മറുപടിയിൽ, 190 എം.എൽ.ഡി. ശേഷിയുള്ള ആലുവ ജലശുദ്ധീകരണശാല നിർമിക്കുന്നതിന് 2026 ജൂലൈ 8-ലെ സർക്കാർ ഉത്തരവ് പ്രകാരം ₹523 കോടി രൂപയുടെ ഭരണാനുമതി നൽകിയതായും മന്ത്രി അറിയിച്ചു.

കൊച്ചി കോർപ്പറേഷൻ പരിധിയിലും സമീപ പ്രദേശങ്ങളായ കീഴ്മാട്, എടത്തല, ചൂർണിക്കര, ഞാറയ്ക്കൽ, ഏലങ്കുന്നപ്പുഴ, മുളവുകാട്, നായരമ്പലം, വരാപ്പുഴ, ചേരാനല്ലൂർ, കടുങ്ങല്ലൂർ, ചെല്ലാനം, കുമ്പളങ്ങി, കടമക്കുടി തുടങ്ങിയ പ്രദേശങ്ങളിലും ജലവിതരണം മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഏഷ്യൻ വികസന ബാങ്കിന്റെ (ADB) സഹായത്തോടെ നടപ്പാക്കുന്ന കൊച്ചി അർബൻ വാട്ടർ സപ്ലൈ ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ (KUWSIP) കരാർ M/s. SUEZ Projects Ltd.-ന് നൽകിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി സർവേ, ആസ്തികളുടെ മാപ്പിങ്, പഴയ പൈപ്പുകൾ മാറ്റിസ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പാക്കാനും പത്തുവർഷത്തെ പരിപാലനം ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നത്. കൂടാതെ, ആലുവ ജലശുദ്ധീകരണശാലയിലെ കാലപ്പഴക്കം ചെന്ന പമ്പ് സെറ്റ് മാറ്റിസ്ഥാപിക്കുന്നതിലൂടെ പ്രതിദിനം അഞ്ച് എം.എൽ.ഡി. അധിക ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികളും പദ്ധതിയിലുണ്ട്.

ചിറ്റൂർ ഓവർഹെഡ് ടാങ്ക് പദ്ധതിയും വേഗത്തിലാക്കണം

നവകേരള സദസ്സിൽ ആറു കോടി രൂപ അനുവദിച്ച ചിറ്റൂർ ഓവർഹെഡ് ടാങ്ക് പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്ന് തുക കണ്ടെത്തി പദ്ധതിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ടി.ജെ. വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു.

ചിറ്റൂർ വില്ലേജ് ഓഫീസിന് സമീപമുള്ള പത്ത് സെന്റ് സ്ഥലത്ത് 6.5 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതതല ജലസംഭരണിയും 1.15 ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതല ജലസംഭരണിയും നിർമിക്കുന്നതിനുള്ള നിർദേശവും മന്ത്രിയുടെ മറുപടിയിൽ പരാമർശിക്കുന്നുണ്ട്.

നഗരത്തിലെ നിലവിലെ കുടിവെള്ളക്ഷാമത്തിന് അടിയന്തര പരിഹാരം കാണുന്നതിനൊപ്പം ഉദ്യോഗസ്ഥ വീഴ്ചകൾ പരിശോധിച്ച് ഉത്തരവാദിത്തം ഉറപ്പാക്കുകയും ജലവിതരണ സംവിധാനത്തിലെ പോരായ്മകൾ പരിഹരിക്കുകയും ദീർഘകാലാടിസ്ഥാനത്തിൽ കുടിവെള്ളലഭ്യത ഉറപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുകയും വേണമെന്ന് ടി.ജെ. വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു.

date