Skip to main content

ലോക ഭക്ഷ്യദിനത്തിൽ സപ്ലൈകോയുടെ എസ്ഡിജി പഠനറിപ്പോർട്ട് പുറത്തിറക്കും

*റിപ്പോർട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്യും

           നാളെ (ഒക്ടോബർ 16) ലോക ഭക്ഷ്യദിനത്തിൽ സപ്ലൈകോയുടെ പഠന റിപ്പോർട്ട് പുറത്തിറക്കുന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നത് സപ്ലൈകോ നൽകുന്ന ശ്രദ്ധേയമായ സംഭാവനകൾ ചൂണ്ടിക്കാട്ടുന്ന 'Supplyco& the UN SDGs: An Institutional Impact Assessment' (സപ്ലൈകോയും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങളും) എന്ന റിപ്പോർട്ടാണ് ലോക ഭക്ഷ്യദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം വഴുതക്കാട് മൗണ്ട് കാർമൽ ഹാളിൽ ഉച്ചയ്ക്ക് 11.45ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ പ്രകാശനം ചെയ്യുന്നത്. ഭക്ഷ്യവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷനാകും.

           No Poverty (ദാരിദ്ര്യനിർമാർജനം) (SDG 1), Zero Hunger (വിശപ്പുരഹിത ലോകം) (SDG 2), Decent Work and Economic Growth (മാന്യമായ തൊഴിലും സാമ്പത്തിക വളർച്ചയും) (SDG 8), Reduced Inequalities (അസമത്വങ്ങൾ കുറയ്ക്കൽ) (SDG 10) എന്നീ നാല് പ്രധാന സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള സപ്ലൈകോയുടെ സംഭാവനകളാണ് പഠനം വിലയിരുത്തുന്നത്. തിരുവനന്തപുരം ജില്ലയിലെ 1,380 കുടുംബങ്ങൾ, പാലക്കാട് ജില്ലയിലെ 317 കർഷകർ, സപ്ലൈകോയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 29 വ്യാപാരികൾ എന്നിവരിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം. സബ്‌സിഡി നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതിലൂടെയും വിപണിവില നിയന്ത്രിക്കുന്നതിലൂടെയും കർഷകരുടെ ഉൽപന്നങ്ങൾ സംഭരിക്കുന്നതിലൂടെയും സാധാരണ ജനങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും സപ്ലൈകോയ്ക്ക് സാധിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

           അന്താരാഷ്ട്രതലത്തിൽ ഭക്ഷ്യസുരക്ഷയും സാമൂഹികക്ഷേമവും ഉറപ്പാക്കുന്നതിനായി വിവിധ രാജ്യങ്ങൾ വ്യത്യസ്ത മാതൃകകൾ പിന്തുടരുന്നുണ്ട്. ബ്രസീൽ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും നോർഡിക് രാജ്യങ്ങളിലെ സഹകരണ സംവിധാനങ്ങളിലും പൊതുവിതരണം, കാർഷിക സംഭരണം, വിപണി ഇടപെടൽ തുടങ്ങിയ പ്രവർത്തനങ്ങളുടെ വിവിധ രൂപങ്ങൾ നിലവിലുണ്ട്. എന്നാൽ, ക്ഷേമവിതരണം, വിപണി ഇടപെടൽ, നെല്ല് സംഭരണം, വിലസ്ഥിരീകരണം എന്നിവയെ ഒരു സ്ഥാപനത്തിന്റെ കീഴിൽ സംയോജിപ്പിച്ചു പ്രവർത്തിക്കുന്ന സപ്ലൈകോയുടെ മാതൃകയ്ക്ക് സവിശേഷമായ പ്രാധാന്യമുണ്ടെന്ന് പഠനം വിലയിരുത്തുന്നു. ജനങ്ങളുടെ ഭക്ഷ്യസുരക്ഷയും ഉപഭോക്തൃക്ഷേമവും കർഷകരുടെ ഉപജീവനവും ഒരുപോലെ പരിഗണിക്കുന്ന ഈ മാതൃക, സുസ്ഥിര വികസന ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കുന്നതിൽ കേരളത്തിന്റെ പൊതുമേഖല ഇടപെടലുകളുടെ പ്രസക്തി ഉയർത്തിക്കാട്ടുന്നു. കമ്മ്യൂണിക്കേഷൻ മന്ത്ര എന്ന ഏജൻസിയാണ് സപ്ലൈകോക്ക് വേണ്ടി ഈ പഠനം നടത്തിയത്.

പി.എൻ.എക്‌സ്. 4320/2026

date