പിറവം ജലോത്സവം: ചാമ്പ്യൻസ് ബോട്ട് ലീഗ് ഒക്ടോബർ 17ന്
മൂവാറ്റുപുഴയാറിന്റെ ജലോത്സവമായ പിറവം ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ആറാം പതിപ്പ് ഒക്ടോബർ 17ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് അരങ്ങേറും. ടൂറിസം വകുപ്പിന്റെ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഉദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർവഹിക്കും. പിറവം നഗരസഭാ ചെയർപേഴ്സൺ കെ. ആർ. പ്രദീപ് കുമാർ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കും. മുഖ്യാതിഥിയായി അഡ്വ. ഫ്രാൻസിസ് ജോർജ് എം പി
പങ്കെടുക്കും. ജില്ലാ കലക്ടർ ജി. പ്രിയങ്ക ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ വള്ളംകളി മത്സരങ്ങൾ ആരംഭിക്കും.
മുൻ മുഖ്യമന്ത്രിമാരായ കെ. കരുണാകരൻ, ഇ.എം.എസ്. നമ്പൂതിരിപ്പാട്, മുൻ മന്ത്രി ടി.എം. ജേക്കബ്, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ഉമാദേവി അന്തർജനം എന്നിവരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള എവറോളിംഗ് ട്രോഫിയാണ് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ വിജയികളെ കാത്തിരിക്കുന്നത്.
സി.ബി.എൽ. ന്റെ ഭാഗമായുള്ള ഒൻപത് ചുണ്ടൻ വള്ളങ്ങളും പ്രാദേശിക വള്ളംകളിയുടെ ഭാഗമായുള്ള എട്ട് ബി ഗ്രേഡ് ഇരുട്ടുകുത്തി വള്ളങ്ങളുമാണ് വാശിയേറിയ മത്സരത്തിൽ മാറ്റുരയ്ക്കുക.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാധാകൃഷ്ണൻ, കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ റെജി ജോൺ, പിറവം നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ അന്നമ്മ ഡോമി, മുൻ എംഎൽഎമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ,ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
- Log in to post comments