ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ജൈവവൈവിധ്യ സദസ് നടത്തി
തേവലക്കര പടിഞ്ഞാറ്റക്കര ചെളിത്തോട് മാലിന്യമുക്തമാക്കുന്നതിനുള്ള ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ജൈവവൈവിധ്യ സദസ് സംഘടിപ്പിച്ചു. അഷ്ടമുടി കായൽ തീരത്ത് നടന്ന സദസ് മന്ത്രി പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. മന്ത്രി ഷിബു ബേബി ജോൺ ചടങ്ങിൽ ലാപ് ടോപ് വിതരണം നടത്തി. തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽ അധ്യക്ഷത വഹിച്ചു
അഷ്ടമുടി കായലിന്റെ തീരപ്രദേശമായ തേവലക്കരയുടെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. വിനോദസഞ്ചാരികൾക്ക് വിശ്രമിക്കാനും പ്രദേശത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും കഴിയുന്ന തരത്തിൽ ഇടത്താവളം സ്ഥാപിക്കും. തേവലക്കരയുടെ തനിമയും പ്രാദേശിക കരകൗശല മേഖലയുടെ പ്രത്യേകതകളും വിളിച്ചോതുന്ന രീതിയിലായിരിക്കും ഇടത്താവളം ഒരുക്കുക. ഇതിലൂടെ പ്രദേശവാസികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നതായി മന്ത്രി അറിയിച്ചു.
തേവലക്കരയിലെ തീരദേശ റോഡിന്റെ നിർമാണം ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി, ജില്ലാ പഞ്ചായത്ത് അംഗം ആർ അരുൺ രാജ് തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, മറ്റു ജനപ്രതിനിധികൾ, ഹരിതകർമസേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.
മാലിന്യസംസ്കരണ രംഗത്ത് ഹരിതകർമസേനാംഗങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളെ മന്ത്രിമാർ അഭിനന്ദിച്ചു. തേവലക്കരയിലെ ജൈവവൈവിധ്യ സംരക്ഷണത്തിനും പ്രദേശത്തെ മാലിന്യമുക്തമാക്കുന്നതിനും ജനകീയ പങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും പരിപാടി ഉയർത്തിക്കാട്ടി.
- Log in to post comments