പി.എം.റാഹത്ത് പദ്ധതി: ജില്ലാതല പരിശീലനം സംഘടിപ്പിച്ചു
റോഡ് അപകടങ്ങളിൽപ്പെടുന്നവർക്ക് സമയബന്ധിതമായി വിദഗ്ധ ചികിത്സയും സാമ്പത്തിക സഹായവും ലഭ്യമാക്കി ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'പി.എം. റാഹത്ത്' പദ്ധതിയുടെ ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ അഞ്ജു കെ.എസ്. അധ്യക്ഷത വഹിച്ചു.
പദ്ധതിയിലൂടെ റോഡ് അപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്ന വ്യക്തികൾക്ക് പദ്ധതിയിലൂടെ ഏഴു ദിവസം വരെ പരമാവധി 1.5 ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭിക്കും. അപകടം നടന്ന് 24 മണിക്കൂറിനുള്ളിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നിലവിലുള്ള ഇൻഷുറൻസ് പരിരക്ഷയ്ക്ക് പുറമെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇൻഷുറൻസ് ഉള്ളവരുടെ ചികിത്സാച്ചെലവ് ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനികളും, ഇൻഷുറൻസ് പരിധിയിൽ വരാത്തവരുടെ ചെലവ് ജില്ലാ കളക്ടറുടെ അക്കൗണ്ട് വഴിയും ലഭ്യമാക്കും.
പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന് വിവിധ സർക്കാർ വകുപ്പുകളും സ്വകാര്യ-പൊതുമേഖലാ ആശുപത്രികളും തമ്മിൽ കൃത്യമായ ഏകോപനം ഉണ്ടാകണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. വകുപ്പുകളുടെയും ആശുപത്രികളുടെയും സംയുക്ത പ്രവർത്തനത്തിലൂടെ റോഡ് അപകട മരണങ്ങൾ വലിയ അളവിൽ കുറയ്ക്കാൻ സാധിക്കുമെന്ന് യോഗം വിലയിരുത്തി.
യോഗത്തിൽ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ, പോലീസ്, മോട്ടോർ വാഹന വകുപ്പ്, ആരോഗ്യ വകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ, നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ, കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എന്നിവയുടെ പ്രതിനിധികളും വിവിധ ആശുപത്രി അധികൃതരും പങ്കെടുത്തു.
- Log in to post comments