സ്കൂൾ കുട്ടികൾക്കായി ജില്ലാതല കൈത്തറി ചിത്രരചന മത്സരം നവംബർ 7ന്
കൈത്തറി മേഖലയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി ജില്ലാതല ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. കൈത്തറി-വസ്ത്ര ഡയറക്ടറേറ്റ്, തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കയറ്റുമതി വിപണന പ്രോത്സാഹന പദ്ധതിയുടെ ഭാഗമായാണ് മത്സരം.
നവംബർ 7ന് രാവിലെ 9ന് തിരുവനന്തപുരം ഫോർട്ട്, വിറകുപുരക്കോട്ട ഗവ. യു.പി. സ്കൂളിലാണ് മത്സരം. ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.
ഒന്നു മുതൽ നാലുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് കൈത്തറിയുമായി ബന്ധപ്പെട്ട ഏത് വിഷയവും ക്രയോൺസ് ഉപയോഗിച്ച് വരയ്ക്കാം. അഞ്ചു മുതൽ ഏഴുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇതേ വിഷയത്തിൽ വാട്ടർ കളർ ഉപയോഗിക്കാം. എട്ടു മുതൽ പത്തുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള വിഷയം മത്സരദിവസം നൽകും. ഇവരും വാട്ടർ കളറാണ് ഉപയോഗിക്കേണ്ടത്. ആവശ്യമായ ക്രയോൺസും വാട്ടർ കളറും വിദ്യാർഥികൾ കൊണ്ടുവരണം. ഓരോ വിഭാഗത്തിലും ആദ്യം അപേക്ഷിക്കുന്ന 50 പേർക്കാണ് അവസരം.
ജില്ലാതല മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ലഭിക്കും. ജില്ലാതല വിജയികൾക്ക് സംസ്ഥാനതല മത്സരത്തിലും പങ്കെടുക്കാം. പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ സ്കൂൾ ഹെഡ്മാസ്റ്ററുടെയോ പ്രിൻസിപ്പലിന്റെയോ ശുപാർശയോടെയുള്ള അപേക്ഷ നവംബർ 5ന് വൈകിട്ട് 5ന് മുമ്പായി tvmdic@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് 9447177764, 8111836640, 8921151694.
- Log in to post comments