Skip to main content

കുട്ടികളുടെ ആധാര്‍ ബയോമെട്രിക് വിവരങ്ങള്‍ പുതുക്കണം ജില്ലയില്‍ എഴുപതിനായിരത്തിലേറെ കുട്ടികളുടേത് പുതുക്കാന്‍ ബാക്കി

അഞ്ചും പതിനഞ്ചും വയസ്സ് പൂര്‍ത്തിയായ കുട്ടികളുടെ നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് പുതുക്കല്‍ നടപടികള്‍ കാര്യക്ഷമമാക്കാന്‍ തീരുമാനം. ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍. പുരുഷോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ തല ആധാര്‍ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

കണ്ണൂര്‍ ജില്ലയില്‍ ആകെ 73,645 കുട്ടികളുടെ നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് വിവരങ്ങളാണ് പുതുക്കാന്‍ ബാക്കിയുള്ളത്. ഇതില്‍ അഞ്ചുവയസ്സ് പൂര്‍ത്തിയായ 39,450 പേരുടെയും പതിനഞ്ചുവയസ്സ് പൂര്‍ത്തിയായ 34,195 പേരുടെയും ബയോമെട്രിക് വിവരങ്ങള്‍ പുതുക്കാനുണ്ട്. അഞ്ച് വയസ്സിലും പതിനഞ്ച് വയസ്സിലും കുട്ടികളുടെ ബയോമെട്രിക് വിവരങ്ങള്‍ നിര്‍ബന്ധമായും പുതുക്കേണ്ടതുണ്ട്. സ്‌കൂള്‍/കോളേജ് അഡ്മിഷന്‍, സ്‌കോളര്‍ഷിപ്പ്, പാന്‍ കാര്‍ഡ്, ഡിജിലോക്കര്‍, നീറ്റ്, കീം രജിസ്‌ട്രേഷന്‍ തുടങ്ങിയ സേവനങ്ങള്‍ തടസമില്ലാതെ ലഭിക്കാന്‍ ഇത് അത്യന്താപേക്ഷിതമാണ്.

സ്‌കൂളുകളിലും അങ്കണവാടികളിലും കുട്ടികളുടെ നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ പൂര്‍ത്തിയാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പും എന്റോള്‍മെന്റ് ഏജന്‍സികളും സംയുക്തമായി നടപടി കൈക്കൊള്ളാനും യോഗം തീരുമാനിച്ചു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് രജിസ്‌ട്രേഷന്‍ സമയത്ത് ബയോമെട്രിക് വിവരങ്ങള്‍ നല്‍കേണ്ടതില്ല. കുട്ടിയുടെ പേര് ചേര്‍ത്ത ജനന സര്‍ട്ടിഫിക്കറ്റ്, മാതാപിതാക്കളില്‍ ഒരാളുടെ ആധാറുമായി മാപ്പ്  ചെയ്തുകൊണ്ട് ഈ രജിസ്‌ട്രേഷന്‍ തികച്ചും സൗജന്യമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും.

ആധാര്‍ രജിസ്‌ട്രേഷനും പുതുക്കലിനുമായി പുതിയ കേന്ദ്രങ്ങള്‍ അനുവദിക്കുക, നിലവില്‍ ആധാര്‍ കേന്ദ്രങ്ങളില്ലാത്ത പ്രദേശങ്ങളില്‍ സേവനം ലഭ്യമാക്കുക, എല്ലാ പ്രായവിഭാഗങ്ങളിലുമുള്ളവരുടെയും ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തിയാക്കുക തുടങ്ങിയ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു. പൂജ്യം മുതല്‍ അഞ്ചുവയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റിന് പ്രത്യേക പരിഗണന നല്‍കും.

ആധാറുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിലെയും പുതുക്കുന്നതിലെയും പുരോഗതി, ആധാറുമായി ബന്ധപ്പെട്ട വ്യാജപ്രവര്‍ത്തനങ്ങളും തട്ടിപ്പുകളും തടയുന്നതിനുള്ള നടപടികള്‍, സംസ്ഥാനതല ആധാര്‍ പോര്‍ട്ടലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയും യോഗം വിലയിരുത്തി.

ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മറ്റ് അംഗീകൃത ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും പുതിയ ആധാര്‍ എടുക്കാനും, ബയോമെട്രിക് വിവരങ്ങള്‍ പുതുക്കാനും, മൊബൈല്‍ നമ്പര്‍, ഇമെയില്‍ എന്നിവ മാറ്റുന്നതിനുമുള്ള സൗകര്യമുണ്ട്. ഐ.ടി. മിഷന്‍ ഡി.പി.എം. സി എം മിഥുന്‍ കൃഷ്ണ, യു.ഐ.ഡി.എ.ഐ. അസിസ്റ്റന്റ് മാനേജര്‍ പി.എ. ആസിഫ്, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

date