ലഹരിക്കെതിരെ പിങ്ക് തരംഗമായി മുവാറ്റുപുഴ; 'തൂഫാൻ 360° മിനി മാരത്തോൺ' സംഘടിപ്പിച്ചു
ലഹരിക്കെതിരെ ശക്തമായ സന്ദേശമുയർത്തി മുവാറ്റുപുഴയിൽ 'മുവാറ്റുപുഴ 360° തൂഫാൻ മിനി മാരത്തോൺ 2026' സംഘടിപ്പിച്ചു. മുവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെ തൂഫാൻ പദ്ധതിയുടെയും പിന്തുണയോടെ നടപ്പിലാക്കിയ മിനി മാരത്തണിൽ ആയിരത്തിലധികം പേർ പങ്കെടുത്തു.
നഗരസഭ, പോലീസ്, എക്സൈസ് എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച മിനി മാരത്തൺ ചലച്ചിത്ര താരം ആസിഫ് അലി ഫ്ലാഗ് ഓഫ് ചെയ്തു.
ഒരേ നിറത്തിലുള്ള ജേഴ്സിയണിഞ്ഞ് നൂറുകണക്കിന് ആളുകൾ മാരത്തണിൽ പങ്ക് ചേർന്നു. ജനപ്രതിനിധികളായ ഡീൻ കുര്യാക്കോസ് എം.പി., മാത്യു കുഴൽനാടൻ എം.എൽ.എ. എന്നിവർ മാരത്തണിന്റെ മുഴുവൻ ദൂരവും ഓടി ശ്രദ്ധേയരായി.
ലഹരിക്കെതിരെ സന്ദേശം പ്രചരിപ്പിക്കുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, കായിക പ്രവർത്തനങ്ങളിലേക്ക് യുവജനങ്ങളെയും പൊതുസമൂഹത്തെയും ആകർഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മാരത്തണിന്റെ ഭാഗമായി സുംബ, വാംഅപ്പ് സെഷൻ, ഫ്ലാഷ് മോബ് എന്നിവയും ഉണ്ടായിരുന്നു. മുവാറ്റുപുഴ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച മാരത്തൺ ചാലിക്കടവ് ബിസ്മി പാർക്കിംഗ് ഗ്രൗണ്ടിലാണ് സമാപിച്ചത്. മാരത്തണിന്റെ തുടർച്ചയായി നഗരസഭയുടെ ജനകീയ ഇടപെടൽ പദ്ധതിയായ 'വാക്ക് വിത്ത് നഗരസഭ' യും നടപ്പിലാക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ അറിയിച്ചു
സമാപന സമ്മേളനത്തിൽ നഗരസഭാ ചെയർപേഴ്സൺ ജോയിസ് മേരി ആൻ്റണി, വൈസ് ചെയർപേഴ്സൺ പി.എം. അബ്ദുൽ സലാം, അസം ബീഗം, ജിനു മടേക്കൽ, സാബു ജോൺ, കൺവീനർമാരായ മുഹമ്മദ് ചെറുകപ്പള്ളി, ഷിത റാണി തോമസ്, പരിപാടിയുടെ ജനറൽ കൺവീനർ ഷാജി പാലത്തിങ്കൽ, അബ്ദുൽ സലാം, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
- Log in to post comments