Skip to main content

വിദ്യാര്‍ഥികള്‍ക്കിടയില്‍ മികച്ച കായികസംസ്‌കാരം വളര്‍ത്തിയെടുക്കുക സര്‍ക്കാര്‍ ലക്ഷ്യം- മന്ത്രി എന്‍. ഷംസുദ്ദീന്‍

 

റെക്കോര്‍ഡുകളുടെ തിളക്കത്തില്‍ കായികമേളയ്ക്ക് ആവേശോജ്ജ്വല സമാപനം; അടുത്ത മേള കൊല്ലത്ത്

വിദ്യാര്‍ഥികള്‍ക്കിടയില്‍ മികച്ച കായികസംസ്‌കാരം വളര്‍ത്തിയെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍. 68-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന സമ്മേളന ചടങ്ങില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മീറ്റ് റെക്കോര്‍ഡുകളുടെ പെരുമഴയും മികച്ച ജനപങ്കാളിത്തവും സംഘാടക മികവും കൊണ്ട് ചരിത്രത്തില്‍ ഇടംപിടിച്ച കായികമേളയാണ് കോഴിക്കോട് നടന്നത്. അടുത്ത വര്‍ഷത്തെ 69-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള കൊല്ലം ജില്ലയില്‍ നടക്കുമെന്ന പ്രഖ്യാപനം മന്ത്രി നടത്തി. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഈ കായികമേളയെ ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായമാക്കി മാറ്റാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്കിടയില്‍ മികച്ച കായികസംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ കായിക അധ്യാപകരുടെ തസ്തിക നിലനിര്‍ത്തുന്നതിനുള്ള വിദ്യാര്‍ഥികളുടെ കുറഞ്ഞ എണ്ണം 500-ല്‍ നിന്ന് 300 ആയി സര്‍ക്കാര്‍ കുറച്ചിട്ടുണ്ട്. എല്ലാ വിദ്യാലയങ്ങളിലും കായികപഠനം ഉറപ്പാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. കുട്ടികളുടെ എണ്ണം കുറവുള്ള സ്‌കൂളുകളിലും കായിക വിദ്യാഭ്യാസം ലഭ്യമാക്കുന്ന തരത്തില്‍ സംവിധാനങ്ങള്‍ വികസിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് നടന്ന മേളയില്‍ ആറ് മീറ്റ് റെക്കോര്‍ഡുകളാണ് തിരുത്തിക്കുറിച്ചത്. ഈ മേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകള്‍ നാളെ രാജ്യത്തിന്റെ അഭിമാനമായി മാറുമെന്ന് മന്ത്രി ആശംസിച്ചു. 400 മീറ്ററിലും 400 മീറ്റര്‍ ഹഡില്‍സിലും റെക്കോര്‍ഡ് നേടിയ തിരുവനന്തപുരത്തിന്റെ ശ്രീഹരി, ലോങ് ജമ്പില്‍ നേട്ടം കൈവരിച്ച കോട്ടയത്തിന്റെ വിഷ്ണു യാദവ്, 100 മീറ്ററില്‍ റെക്കോര്‍ഡ് സ്ഥാപിച്ച ആലപ്പുഴയുടെ അതുല്‍ ടി എം, 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ തിളങ്ങിയ അനാമിക അജേഷ്, 4x400 മീറ്റര്‍ റിലേയില്‍ റെക്കോര്‍ഡ് നേടിയ മലപ്പുറം സീനിയര്‍ ബോയ്‌സ് ടീം എന്നിവരുടെ പ്രകടനങ്ങളെയും മന്ത്രി ചടങ്ങില്‍ പ്രത്യേകം അഭിനന്ദിച്ചു.

ഭിന്നശേഷിക്കാരായ കുട്ടികളെക്കൂടി പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ഇന്‍ക്ലൂസീവ് മത്സരങ്ങള്‍ ഈ മേളയുടെ സവിശേഷതയായി. ഇത്തരം മത്സരങ്ങള്‍ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് വലിയ പിന്തുണയാകുമെന്ന് മന്ത്രി പറഞ്ഞു. റെഡ് അലര്‍ട്ടും ഇടിമിന്നല്‍ മുന്നറിയിപ്പുമുള്‍പ്പെടെയുള്ള പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങള്‍ നിലനിന്നിട്ടും മേള തടസ്സങ്ങളില്ലാതെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് സംഘാടന മികവിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഗ്രൗണ്ട്, ട്രാക്ക് തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ടെന്ന് കേരള സംസ്ഥാന ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. എം കെ മുനീര്‍ പറഞ്ഞു. കായിക താരങ്ങളുടെ കായികശേഷി വര്‍ധിപ്പിക്കാന്‍ ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ പ്രതിജ്ഞാബദ്ധമാണെന്നും ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കായികമേഖലയിലെ പ്രായതട്ടിപ്പു പോലുള്ള മോശം പ്രവണതകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നെന്ന് അന്താരാഷട്ര ഹൈജംപ് താരം ഒളിമ്പ്യന്‍ പദ്മശ്രീ അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു. സ്‌കൂള്‍ കായികമേളയില്‍ തിളങ്ങിയ താരങ്ങള്‍ 2036 ഒളിമ്പിക്‌സിലെ ഇന്ത്യയുടെ പ്രതീക്ഷകളാണെന്നും അവര്‍ മുഖ്യാതിഥിയായെത്തിയ അവര്‍ കൂട്ടിച്ചേര്‍ത്തു.

date