മലയാള ഭാഷയുടെ വളർച്ചയ്ക്കൊപ്പം സാംസ്കാരിക മൂല്യങ്ങളും സംരക്ഷിക്കണം: കെ ജി രാധാകൃഷ്ണൻ
മലയാള ഭാഷയുടെ വളർച്ചയ്ക്കൊപ്പം സാംസ്കാരിക മൂല്യങ്ങളും സംരക്ഷിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ പറഞ്ഞു.
കേരളപ്പിറവിയോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മലയാള ദിനാചരണത്തിന്റെയും മാതൃഭാഷാ വാരാചരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളിയുടെ സാംസ്കാരിക സ്വത്വത്തിന്റെ പ്രധാന ഘടകമാണ് മാതൃഭാഷ. ലോകത്തിന്റെ ഏതു ഭാഗത്തായാലും മലയാളം കേൾക്കുമ്പോൾ അനുഭവപ്പെടുന്ന അടുപ്പം ഭാഷയുടെ പ്രാധാന്യമാണ് വ്യക്തമാക്കുന്നത്. വിവിധ ഭാഷകളിൽനിന്നുള്ള വാക്കുകളും പ്രയോഗങ്ങളും സ്വീകരിച്ചാണ് മലയാളം വളർന്നത്. എന്നാൽ ഈ വളർച്ചയ്ക്കൊപ്പം ഭാഷയുടെ തനിമ നിലനിർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലയാള ഭാഷയുടെ വികാസത്തിൽ എഴുത്തുകാരും കവികളും കഥാകൃത്തുക്കളും സിനിമയും നാടകവും ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളും വായനാ സംസ്കാരവും വലിയ പങ്കുവഹിച്ചിട്ടുണ്ട്. അച്ചടി മാധ്യമങ്ങളും റേഡിയോയും ഭാഷയുടെ ശുദ്ധമായ പ്രയോഗത്തിനും വളർച്ചയ്ക്കും നൽകിയ സംഭാവനകൾ പ്രധാനമാണ്. എന്നാൽ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലെ മത്സരവും സാമൂഹിക മാധ്യമങ്ങളിലെ പുതിയ പ്രവണതകളും ഭാഷാപ്രയോഗത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വാക്കുകളുടെ അർഥവും വാക്യങ്ങളുടെ വ്യക്തതയും ശ്രദ്ധിച്ചുകൊണ്ട് ഭാഷ ഉപയോഗിക്കാൻ മാധ്യമങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസം ഭാഷയും ശാസ്ത്രവും പഠിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല. പൊതുഇടങ്ങളിൽ എങ്ങനെ പെരുമാറണം, മറ്റുള്ളവരെ എങ്ങനെ ബഹുമാനിക്കണം തുടങ്ങിയ സാംസ്കാരിക മൂല്യങ്ങൾ കൂടി വിദ്യാഭ്യാസത്തിലൂടെ വളർത്തിയെടുക്കണം. പുതിയ തലമുറയിൽ വായനാശീലവും ഭാഷാബോധവും വളർത്തുന്നതിനൊപ്പം സാമൂഹിക ഉത്തരവാദിത്വവും മര്യാദയും ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്ത കവിയും ഗാനരചയിതാവുമായ
പി.കെ. ഗോപി ചടങ്ങിൽ മുഖാതിഥിയായി.
ശ്രേഷ്ഠ ഭാഷ ഏതെന്ന ചോദ്യത്തിന് ഉത്തരം സ്നേഹത്തിന്റെ ഭാഷയാണെന്നും ശ്രേഷ്ഠമായ ഭാഷയെന്നത് സ്നേഹത്തിലൂടെ മനുഷ്യരെ ഒന്നിപ്പിക്കുന്ന ഭാഷയാണെന്ന സന്ദേശവും അദ്ദേഹം പങ്കുവെച്ചു. പ്രശസ്ത ചരിത്രകാരൻ ഡോ.കെ. കെ. എൻ കുറുപ്പ് ചടങ്ങിൽ വിശിഷ്ട സാന്നിധ്യമായി.
പി കെ ഗോപി രചിച്ച് ടി പി വിവേക് ഈണം പകർന്ന് ടി പി വിവേകും രേഖ ശൈലേഷും ചേർന്ന് ആലപിച്ച ഇളനീർ മധുരം എന്ന ഗാനത്തിൻ്റെ പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർവഹിച്ചു. ഡോ. മീന കുറുപ്പിൻ്റെ നേതൃത്വത്തിൽ ഗാനത്തിൻ്റെ നൃത്താവിഷ്കാരവും അരങ്ങേറി. ജില്ലയിലെ 14 അസിസ്റ്റൻ്റ് കളക്ടർമാരെ മലയാളം പഠിപ്പിച്ച കളക്ട്രേറ്റ് ജീവനക്കാരൻ പി വി സുനിൽകുമാറിനെ ചടങ്ങിൽ ആദരിച്ചു.
ചടങ്ങിൽ അഡീഷ്ണൽ ജില്ലാ മജിസ്ട്രേറ്റ് കെ മനോജ് അധ്യക്ഷനായി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി കെ വേലായുധൻ, ടി പി വിവേക്, രേഖ ശൈലേഷ്,ജില്ലാ വിദ്യാഭ്യാസ ഓഫീസ് അക്കൗണ്ട്സ് ഓഫീസർ ഡി. സേതു, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അസിസ്റ്റൻ്റ് എഡിറ്റർ എ ടി രമ്യ, അസിസ്റ്റൻ്റ് ഇൻഫർമേഷൻ ഓഫീസർ നീർജ ജേക്കബ് എന്നിവർ പങ്കെടുത്തു.
- Log in to post comments