ഭിന്നശേഷി കലാപ്രതിഭകൾക്ക് അവസരം: ജില്ലാതല ആർട്ട് ഗ്രൂപ്പുകൾ രൂപീകരിക്കുന്നു
കേരള സാമൂഹ്യ സുരക്ഷാ മിഷൻ്റെ റിഥം പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ കലാപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ ജില്ലകളിലും ജില്ലാ തല ആർട്ട് ട്രൂപ്പുകൾ രൂപീകരിക്കുന്നു.
സംഗീതം, നൃത്തം, പെർഫോമിംഗ് ആർട്സ്, വാദ്യോപകരണ സംഗീതം തുടങ്ങിയ കലാമേഖലകളിൽ കഴിവുള്ള ഭിന്നശേഷിക്കാരായ എറണാകുളം ജില്ലയിലെ സ്ഥിരതാമസക്കാരായ വ്യക്തികൾക്ക് അപേക്ഷിക്കാം. 45 വയസ്സാണ് പ്രായപരിധി.
അപേക്ഷകർ ഭിന്നശേഷി തെളിയിക്കുന്നതിനായി യൂണിക് ഡിസെബിലിറ്റി ഐഡൻ്റിറ്റി കാർഡ്, മെഡിക്കൽ ബോർഡ് നൽകുന്ന കുറഞ്ഞത് 40 ശതമാനം ഭിന്നശേഷി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നീ രേഖകളിൽ ഏതെങ്കിലും ഒന്ന് അപേക്ഷയോടൊപ്പം നൽകണം.രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തിൽ അപേക്ഷയും കലാപ്രകടനത്തിൻ്റെ വീഡിയോയും അയയ്ക്കണം. വീഡിയോ അഞ്ച് മിനിറ്റിൽ കവിയരുത്. ഇതിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ നേരിട്ടുള്ള സ്ക്രീനിങ്ങിൽ പങ്കെടുക്കാം.
അപേക്ഷകൾ നവംബർ ഏഴി നകം ലഭ്യമാക്കണം. ട്രൂപ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിവിധ സർക്കാർ പരിപാടികളിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള അവസരങ്ങൾ ലഭിക്കും. ട്രൂപ്പിൻ്റെ പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്ന വരുമാനം ഭിന്നശേഷി പ്രതിഭകൾക്ക് ലഭ്യമാക്കും. അപേക്ഷയും വീഡിയോകളും dcekmsid@gmail.com ൽ അയക്കുക. ഫോൺ:75938 78158.
- Log in to post comments