കുടുംബശ്രീയിലൂടെ ആരോഗ്യപരിരക്ഷയുടെ കരുതല്‍: സംസ്ഥാനത്തെ 28 ബ്ളോക്കുകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍
നവംബര്‍ രണ്ടാം വാരം മുതല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് തുടക്കം
മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത് കുടുംബശ്രീ എഫ്.എന്‍.എച്ച്.ഡബ്ളിയു പദ്ധതിയുടെ ഭാഗമായി
അയല്‍ക്കൂട്ട അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആരോഗ്യവും ക്ഷേമവും ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുത്ത 28 ബ്ളോക്കുകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. നവംബര്‍ രണ്ടാം വാരം മെഡിക്കല്‍ ക്യാമ്പുകള്‍ ആരംഭിക്കും. അയല്‍ക്കൂട്ട കുടുംബങ്ങളില്‍ പോഷകാഹാര അവബോധം, ശുചിത്വം എന്നിവ ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന എഫ്.എന്‍.എച്ച്.ഡബ്ളിയു പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പുകള്‍. തിരഞ്ഞെടുത്ത 28 മാതൃകാ ബ്ളോക്കുകളിലെ 186 സി.ഡി.എസുകള്‍ കേന്ദ്രീകരിച്ചാണ് പരിപാടി. ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള തുടര്‍പരിപാടിയായി നടത്താനാണ് ഉദ്ദേശ്യം.
സ്ത്രീകളുടെ ആരോഗ്യത്തിന് പ്രത്യേക പരിഗണന നല്‍കുന്നതിനൊപ്പം കുടുംബാംഗങ്ങള്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ക്യാമ്പുകള്‍ ക്രമീകരിക്കുന്നത്. അനീമിയ പരിശോധന, പകര്‍ച്ച വ്യാധിയല്ലാത്ത രോഗങ്ങളുടെ സ്ക്രീനിങ്ങ്, നേത്ര പരിശോധന, കാന്‍സര്‍ സ്ക്രീനിങ്ങ്, ജനറല്‍ മെഡിക്കല്‍ ചെക്കപ്പ് എന്നിവ ക്യാമ്പുകളുടെ ഭാഗമായി ലഭ്യമാക്കും. ആരോഗ്യ ബോധവല്‍ക്കരണത്തിനും ആവശ്യമായ തുടര്‍ ചികിത്സയ്ക്കുള്ള റഫറല്‍ സേവനങ്ങള്‍ക്കും സൗകര്യമുണ്ടാകും. ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവ മുഖേന നിലവില്‍ ലഭ്യമാകുന്ന ആരോഗ്യ സേവനങ്ങള്‍ ക്യാമ്പുകള്‍ വഴി ലഭ്യമാക്കുന്നതിനും ഉദ്ദേശിക്കുന്നു. രോഗങ്ങള്‍ നേരത്തെ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം പൊതുജനാരോഗ്യ രംഗം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായകമാകും.
തിരുവനന്തപുരം ജില്ലയില്‍ (വാമനപുരം, വെളളനാട്), കൊല്ലം(അഞ്ചല്‍, ഓച്ചിറ), പത്തനംതിട്ട(റാന്നി, പറക്കോട്), ആലപ്പുഴ(അമ്പലപ്പുഴ, ആര്യാട്), കോട്ടയം(ഏറ്റുമാനൂര്‍, വൈക്കം), ഇടുക്കി(ദേവികുളം, അഴുത), എറണാകുളം(കോതമംഗലം, വൈപ്പിന്‍), തൃശൂര്‍(മതിലകം,തളിക്കുളം), പാലക്കാട്(അട്ടപ്പാടി, മലമ്പുഴ), മലപ്പുറം(അരീക്കോട്, തിരൂരങ്ങാടി),കോഴിക്കോട്(കൊടുവള്ളി, പന്തലായനി), വയനാട്(മാനന്തവാടി,കല്‍പ്പറ്റ), കണ്ണൂര്‍(പാനൂര്‍,ഇരിട്ടി), കാസര്‍കോട്(മഞ്ചേശ്വരം, കാറഡുക്ക) എന്നീ ബ്ളോക്കുകളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പദ്ധതിയുടെ കീഴിലുള്ള ഉപപദ്ധതിയാണ് എഫ്.എന്‍.എച്ച്.ഡബ്ളിയു. പദ്ധതിയുടെ ഭാഗമായി നിലവില്‍ ആരോഗ്യവും പോഷകാഹാരവും ജലസുരക്ഷയും ശുചിത്വവും മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് ഒട്ടേറെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരികയാണ്.
- Log in to post comments