കേരളപ്പിറവി: കണയന്നൂർ താലൂക്കിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു
കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കണയന്നൂർ താലൂക്കിൽ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി തഹസിൽദാർ പ്രീത എൻ. ജോസഫ് ജീവനക്കാർക്ക് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടർന്ന് ജീവനക്കാർക്കായി ക്വിസ് മത്സരം, ലളിതഗാന മത്സരം, ചെറുകഥാരചനാ മത്സരം എന്നിവ നടന്നു. വിജ്ഞാനവും സർഗാത്മകതയും കലാപരമായ അഭിരുചികളും മാറ്റുരച്ച മത്സരങ്ങളിൽ താലൂക്കിലെ ജീവനക്കാർ ആവേശപൂർവം പങ്കെടുത്തു. വിവിധ ഇനങ്ങളിൽ മികവ് പുലർത്തിയവർക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
മലയാള ഭാഷയുടെ സമ്പന്നമായ സാഹിത്യപാരമ്പര്യവും സാംസ്കാരിക പൈതൃകവും അനുസ്മരിക്കുന്നതിനൊപ്പം ജീവനക്കാരുടെ കഴിവുകൾക്കും സൃഷ്ടിപരമായ ചിന്തകൾക്കും പ്രോത്സാഹനം നൽകുന്ന വേദിയായി ദിനാഘോഷം മാറി. ഔദ്യോഗിക തിരക്കുകൾക്കപ്പുറം സഹപ്രവർത്തകർക്ക് ഒത്തുചേരാനും തങ്ങളുടെ കലാപരമായ മികവ് പ്രകടിപ്പിക്കാനും അവസരമൊരുക്കിയ പരിപാടികൾ ജീവനക്കാരുടെ സജീവ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
- Log in to post comments