Skip to main content

പൊതുപണം ചെലവഴിക്കുന്നതിൽ സുതാര്യത ഉറപ്പാക്കണം; ദേശീയ പി.എ.സി സമ്മേളനത്തിൽ 'കേരള പ്രമേയം' അംഗീകരിച്ചു

പി എ സി  അഖിലേന്ത്യാ കോൺഫറൻസ് സമാപിച്ചു

നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ രണ്ട് ദിവസങ്ങളിലായി നടന്നുവന്ന പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർപേഴ്‌സൺമാരുടെയും അംഗങ്ങളുടെയും  അഖിലേന്ത്യാ കോൺഫറൻസ് സമാപിച്ചു.

പൊതുപണ വിനിയോഗത്തിൽ കൂടുതൽ സാമ്പത്തിക അച്ചടക്കവും സുതാര്യതയും ഉത്തരവാദിതവും ഉറപ്പുവരുത്താൻ തിരുവനന്തപുരത്ത് അംഗീകരിച്ച 'കേരള പ്രമേയം' രാജ്യത്തെ പാർലമെന്റ്-സംസ്ഥാന പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികൾക്ക് ഭാവിയിൽ വലിയ വഴികാട്ടിയാകുമെന്ന് പി.എ.സി സമ്മേളനത്തിന്റെ സമാപനയോഗത്തിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള പറഞ്ഞു. കർഷകരും തൊഴിലാളികളും അധ്യാപകരും ചെറുകിട വ്യാപാരികളും ഉൾപ്പെടെയുള്ളവർ അധ്വാനിച്ചു നൽകുന്ന നികുതിപ്പണത്തിന്റെ ഓരോ രൂപയുടെയും വിനിയോഗം പരിശോധിച്ച് സംരക്ഷിക്കുകയാണ് പി.എ.സിയുടെ കർത്തവ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സി.എ.ജി  ഓഡിറ്റ് റിപ്പോർട്ടുകൾ വന്ന ശേഷവും അതിന്മേലുള്ള നടപടികളിലും പരിശോധനകളിലും വലിയ കാലതാമസം നേരിടുന്നത് എല്ലാ സംസ്ഥാനങ്ങളിലെയും പി.എ.സി സമിതികൾ നേരിടുന്ന പ്രധാന ആശങ്കയാണെന്ന് ഓം ബിർള ചൂണ്ടിക്കാട്ടി. ഈ കാലതാമസം ഒഴിവാക്കാൻ നിയമനിർമാണ സഭകൾ ചുമതലയേറ്റെടുക്കണമെന്നും, സമയബന്ധിതമായി നിരീക്ഷണം നടത്തി പരാതികൾ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി പാർലമെന്റിലുള്ള മാതൃകയിൽ സി.എ.ജി ഓഡിറ്റ് റിപ്പോർട്ടുകൾ നിരീക്ഷിക്കാൻ സംസ്ഥാനങ്ങളിലും പ്രത്യേക 'ഓഡിറ്റ് മോണിറ്ററിങ് പ്ലാറ്റ്‌ഫോം' വികസിപ്പിക്കണമെന്ന സമ്മേളനത്തിന്റെ നിർദേശം സ്വാഗതാർഹമാണ്.

വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക ക്ഷേമം, ഗ്രാമീണ വികസനം തുടങ്ങിയ മേഖലകളിൽ ബജറ്റ് വിഹിതവും നിക്ഷേപവും വർധിച്ചുവരുന്ന സാഹചര്യത്തിൽ, അനുവദിക്കുന്ന പണം നിശ്ചിത ലക്ഷ്യത്തിനായി സമയബന്ധിതമായും ഗുണനിലവാരത്തോടെയും വിനിയോഗിക്കപ്പെടുന്നുണ്ടോ എന്ന് പി.എ.സി ഉറപ്പാക്കണം.  ഡിജിറ്റൽ ഡാറ്റയുടെ സുരക്ഷയും കൃത്യതയും നിഷ്പക്ഷതയും ഉറപ്പാക്കാൻ സമിതികൾ നിരന്തരം ശ്രദ്ധിക്കണം. സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നതിന് സി.എ.ജി, പി.എ.സി ജീവനക്കാർക്കും സമിതി അംഗങ്ങൾക്കും ആവശ്യമായ പരിശീലനം നൽകണം.സാങ്കേതികവിദ്യയുടെ പരമാവധി ഉപയോഗത്തോടൊപ്പം മാനുഷിക മൂല്യങ്ങൾക്കും ഡിജിറ്റൽ ഡാറ്റയുടെ സുരക്ഷയ്ക്കും പ്രാധാന്യം നൽകണം.

 27 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിന് മികച്ച രീതിയിൽ വേദിയൊരുക്കിയ കേരളനിയമസഭയെയും സ്പീക്കറെയും സംസ്ഥാനസർക്കാരിനെയും മുഖ്യമന്ത്രിയെയും ലോക്‌സഭാ സ്പീക്കർ പ്രശംസിച്ചു. കേരളത്തിന്റെ സമ്പന്നമായ ജനാധിപത്യ പാരമ്പര്യത്തെയും വിദ്യാഭ്യാസ-സാമൂഹിക-ആരോഗ്യ മേഖലകളിലെ നേട്ടങ്ങളെയും ലോകമെമ്പാടും സേവനമനുഷ്ഠിക്കുന്ന മലയാളി നഴ്സിങ് സമൂഹത്തിന്റെ സേവനങ്ങളെയും അദ്ദേഹം പ്രത്യേകം അനുസ്മരിച്ചു.

ധനകാര്യ അച്ചടക്കം വികസന പ്രവർത്തനങ്ങൾക്ക് തടസ്സമല്ലെന്നും മറിച്ചു സുസ്ഥിര വികസനം കെട്ടിപ്പടുക്കുന്നതിനുള്ള അടിത്തറയാണെന്നും സമാപന സമ്മേളനത്തിൽ സംസ്ഥാന നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. നിയമസഭകൾ അനുമതി നൽകുന്ന ഓരോ രൂപയും സുതാര്യമായും കാര്യക്ഷമമായും നിശ്ചിതലക്ഷ്യങ്ങൾക്കായി തന്നെയാണ് വിനിയോഗിക്കപ്പെടുന്നത് എന്ന് ഉറപ്പുവരുത്താൻ പി.എ.സി പോലുള്ള സംവിധാനങ്ങൾക്ക് വലിയ ഉത്തരവാദിത്വമുണ്ട്. വികേന്ദ്രകൃത ഭരണത്തിലും പൊതു ഉത്തരവാദിത്തത്തിലും കേരളം എന്നും മുൻപന്തിയിലാണ്. സാർവത്രിക ആരോഗ്യ പരിരക്ഷ, പൊതുവിദ്യാഭ്യാസം, ശക്തമായ സാമൂഹിക സുരക്ഷാശൃംഖല എന്നിവ മുൻനിർത്തിയുള്ള കേരള മോഡൽ വികസനം പൊതുജനങ്ങളുടെ ക്ഷേമത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പാർലമെന്റിൽ സ്റ്റാൻഡിങ് കമ്മിറ്റി സംവിധാനം വരുന്നതിന് മുൻപ് തന്നെ സബ്ജക്ട് കമ്മിറ്റി സംവിധാനത്തിന് തുടക്കമിട്ട് രാജ്യത്തിന് മാതൃകയായത് കേരളനിയമസഭയാണെന്ന് പാർലമെന്റ് പി.എ.സി അധ്യക്ഷൻ കെ.സി. വേണുഗോപാൽ സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ വിലയിരുത്താൻ വർഷത്തിൽ ഒരിക്കലെങ്കിലും കേന്ദ്ര-സംസ്ഥാന പി.എ.സികളുടെ സംയുക്തസമിതി യോഗം ചേരണം. പി.എ.സി റിപ്പോർട്ടുകൾ സഭയിൽ ചർച്ച ചെയ്യണം. ഓഡിറ്റ് നിരീക്ഷണങ്ങളും ശുപാർശകളും തത്സമയം പരിശോധിക്കാനും നിരീക്ഷിക്കാനുമായി പാർലമെന്റിലും നിയമസഭകളിലും സംയുക്തമായി ഡിജിറ്റൽ ഡാഷ്‌ബോർഡും ആർട്ടിഫിഷ്യൽ ഇന്റലിജൻസും  ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി എ സി അഖിലേന്ത്യാ കോൺഫറൻസിനായി പ്രത്യേക ആപ്പ് തയ്യാറാക്കിയ നിയമസഭ അസിസ്റ്റന്റ് സായൂജ് പി. ആർ. നെ സമ്മേളനത്തിൽ ലോക്‌സഭ സ്പീക്കർ ഓം ബിർള ഉപഹാരം നല്കി അനുമോദിച്ചു. സമാപന സമ്മേളനത്തിന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ സ്വാഗതവും സംസ്ഥാന പി.എ.സി അധ്യക്ഷൻ കെ.എൻ. ബാലഗോപാൽ നന്ദിയും പറഞ്ഞു.  സമാപന സമ്മേളനത്തിന് ശേഷം ലോക്‌സഭ സ്പീക്കർ ഓം ബിർള കേരള നിയമസഭ സമ്മേളനഹാളിൽ സന്ദർശനം നടത്തി.

പി.എൻ.എക്‌സ്. 4649/2026

date