ആറ്റിങ്ങൽ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ബിരുദദാന ചടങ്ങ് നവംബർ 10ന്
*മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്യും
ഐ എച്ച് ആർ ഡി ആറ്റിങ്ങൽ കോളജ് ഓഫ് എഞ്ചിനീയറിംഗിൽ 2026 ബാച്ചിന്റെ ബിരുദദാന ചടങ്ങ് നവംബർ 10 രാവിലെ 10.30ന് ആറ്റിങ്ങൽ മാമം പൂജ കൺവെൻഷൻ സെന്ററിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
ഡൈംബാഗ് സൊല്യൂഷൻസുമായി സഹകരിച്ച് കോളേജിൽ ആരംഭിക്കുന്ന 'ഇൻഡസ്ട്രി ഓൺ ക്യാമ്പസ്' പദ്ധതിയുടെ ഉദ്ഘാടനവും അന്ന് നടക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്, ഡിജിറ്റൽ സൊല്യൂഷൻസ് മേഖലകളെ കേന്ദ്രീകരിച്ചാണ് സംരംഭം പ്രവർത്തിക്കുന്നത്.
വ്യവസായ മേഖലയും അക്കാദമിക രംഗവും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. വ്യവസായാധിഷ്ഠിത പരിശീലനം, പ്രായോഗിക പരിജ്ഞാനം, നൂതന സാങ്കേതികവിദ്യകളിലുള്ള കൈകാര്യ പരിചയം, യഥാർഥ വ്യവസായ പദ്ധതികളിൽ പങ്കാളിത്തം എന്നിവയിലൂടെ വിദ്യാർഥികൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കും.
നാസ്കോമുമായി ഐ എച്ച് ആർ ഡി സഹകരിച്ച് നടത്തുന്ന നൈപുണ്യ വികസന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അടൂർ പ്രകാശ് എം പി നിർവഹിക്കും. ഒ എസ് അംബിക എംഎൽഎ, ഐ എച്ച് ആർ ഡി ഡയറക്ടർ ഡോ. എം.വി. രാജേഷ് എന്നിവർ പങ്കെടുക്കും.
പി.എൻ.എക്‌സ്. 4689/2026
- Log in to post comments