സംസ്ഥാന സ്കൂൾ കലോത്സവം കുറ്റമറ്റതാക്കാൻ മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം: മന്ത്രി എൻ. ഷംസുദ്ദീൻ
ജനുവരി നാലു മുതൽ എട്ടു വരെ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിന് കൃത്യമായ ആസൂത്രണവും മുന്നൊരുക്കങ്ങളും വേണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. കൊച്ചി മുനിസിപ്പൽ കോർപറേഷൻ ഹാളിൽ ചേർന്ന സംസ്ഥാന സ്കൂൾ കലോത്സവ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
20 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് എറണാകുളം സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത്. പതിനായിരക്കണക്കിന് വിദ്യാർഥികൾ പങ്കെടുക്കുന്ന കലോത്സവം വിജയകരമാക്കാൻ എല്ലാ കമ്മിറ്റികളും ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രധാന സംഘാടക സമിതിക്ക് കീഴിലുള്ള സബ് കമ്മിറ്റികളുടെയും പ്രവർത്തനങ്ങൾ വിലയിരുത്തി ആവശ്യമായ ഭേദഗതികൾ വരുത്തി പ്രവർത്തനങ്ങൾ വേഗത്തിലാക്കണം. കമ്മിറ്റികളിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപക സംഘടനാ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി പൂർണരൂപം നൽകണമെന്നും മന്ത്രി നിർദേശിച്ചു.
വേദികൾ, താമസസൗകര്യം, ഭക്ഷണം, ഗതാഗതം, വിധികർത്താക്കളുടെ നിയമനം എന്നിവ നേരത്തേ തന്നെ ഉറപ്പാക്കണം. വേദികളിൽ ആവശ്യമായ നിർമാണ, ക്രമീകരണ പ്രവർത്തനങ്ങൾ അവസാന നിമിഷത്തേക്ക് മാറ്റിവയ്ക്കരുത്. സ്കൂൾ ബസുകൾ ഉൾപ്പെടെയുള്ള ഗതാഗത സൗകര്യങ്ങൾ ഉറപ്പാക്കാൻ ബന്ധപ്പെട്ട സ്കൂൾ അധികൃതരുമായി ചർച്ച നടത്തണം. ഉദ്ഘാടന, സമാപന ചടങ്ങുകൾ, ഘോഷയാത്ര എന്നിവയുടെ ഒരുക്കങ്ങളും നേരത്തേ പൂർത്തിയാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനൊപ്പം മാലിന്യസംസ്കരണത്തിലും ഹരിത പ്രോട്ടോക്കോൾ പാലിക്കണം. കോഴിക്കോട് കായികമേളയിൽ ഹരിതകർമസേനയുടെ നേതൃത്വത്തിൽ നടത്തിയ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ മാതൃകയാക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
ഓരോ കമ്മിറ്റിയും ഏറ്റെടുത്ത ചുമതലകൾ കൃത്യമായി നിർവഹിച്ച് ആവശ്യമായ ക്രമീകരണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചു.
കൊച്ചി കോർപ്പറേഷൻ മേയർ വി.കെ. മിനിമോൾ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, എം.എൽ.എമാർ,രാഷ്ട്രീയ പ്രവർത്തകർ,
വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപക സംഘടനപ്രതിനിധികൾ,ജനപ്രതിനിധികൾ,തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments