കോഴിത്തുരുത്ത് നിവാസികളെ മുഖ്യധാരയിൽ എത്തിക്കും: മുഖ്യമന്ത്രി
*കോഴിത്തുരുത്ത് പാലം നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
പുത്തൻവേലിക്കര പഞ്ചായത്തിലെ കോഴിത്തുരുത്ത് നിവാസികളെ മുഖ്യധാരയിൽ എത്തിക്കുന്നതിന് നടപടികൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. 8.86 കോടി രൂപ ചെലവിൽ നിർമിക്കുന്ന കോഴിത്തുരുത്ത് പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തിരുനൂറ് പേര് പോലുമില്ലാത്ത കോഴി തുരുത്തിലേക്ക് എന്തിനാണ് പാലം നിർമ്മിക്കുന്നത് എന്ന് ചിലർ ചോദിക്കുകയുണ്ടായി. 2018ലെയും 19 ലെയും പ്രളയത്തിൽ ഈ തുരുത്തിലെ ആളുകൾ അനുഭവിച്ച കഷ്ടനഷ്ടങ്ങൾ നമ്മളെല്ലാം കണ്ടതാണ്. പുത്തൻവേലിക്കരയിലെ ഏറ്റവും ദുരിതമനുഭവിച്ച ആളുകളാണ് കോഴിത്തുരുത്തുകാർ. അവരെ ഒരുതരത്തിലും ഒറ്റപ്പെടുത്തുന്ന പ്രശ്നമില്ല. 200 ആയാലും 2000 ആയാലും കോഴിത്തുരുത്തിലെ ജനങ്ങളും മനുഷ്യരാണ്. അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴി തുരുത്തിലെ ഒരു പ്രധാന വിഷയം കുടിവെള്ള ലഭ്യതയാണ്. നാം എല്ലാവർഷവും ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് മണൽ ബണ്ടുകൾ നിർമ്മിക്കുന്നു. ഉപ്പുവെള്ളം കയറാതിരിക്കാൻ ആണിത്. എന്നാൽ ഇതിനൊരു ശാശ്വത പരിഹാരം എന്ന നിലയിൽ 36 കോടി രൂപ ചെലവിൽ സമഗ്രമായ രീതിയിൽ വലിയ ഷട്ടറുകളോടുകൂടി കണക്കൻ കടവ് പാലം നിർമ്മിക്കുന്നതിനും ഗവൺമെന്റ് ഉദ്ദേശിക്കുന്നു. ഇതിന് 36 കോടി രൂപയോളം മരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്. ഉടൻ അതിന്റെ ടെൻഡർ നടപടികൾ തുടങ്ങും. അടുത്തമാസം കണക്കടവ് പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനവും നടക്കുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
ഈ ആറുമാസത്തിനുള്ളിൽ പുത്തൻവേലിക്കര പഞ്ചായത്തിന് മാത്രം 44.86 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പറവൂർ നിയോജക മണ്ഡലത്തിലെ ഏറ്റവും വലിയ കാർഷിക മേഖലയാണ് പുത്തൻവേലിക്കര. ഇവിടുത്തെ തരിശുനിലങ്ങളെല്ലാം കൃഷിയോഗ്യമാക്കാൻ നടപടി ഉണ്ടാവും. ആവശ്യമുള്ളിടത്തെല്ലാം വെള്ളം എത്തിക്കും. ടൂറിസം സാധ്യതകൾ മനസ്സിലാക്കിയുള്ള വികസന പ്രവർത്തനങ്ങളും നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെജി രാധാകൃഷ്ണൻ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി, പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രാധാകൃഷ്ണൻ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൗഫിലാ ഷമീർ, പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് മെമ്പർ സിനി ബിജു, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
- Log in to post comments