ജനസ്പർശം ഫയൽ അദാലത്ത് കാര്യക്ഷമമാക്കാൻ എ.ഐ സാങ്കേതികവിദ്യയുടെ സാധ്യതകളും പ്രയോജനപ്പെടുത്തും
*മുഖ്യമന്ത്രി വിളിച്ചു ചേർത്ത വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ തീരുമാനം
ജനങ്ങളുടെ പരാതികൾക്ക് വേഗത്തിലും ഫലപ്രദമായും പരിഹാരം കാണുന്നതിനുള്ള ജനസ്പർശം ഫയൽ അദാലത്ത് കാര്യക്ഷമമാക്കാൻ എ.ഐ സാങ്കേതികവിദ്യയുടെ സാധ്യതകളും പ്രയോജനപ്പെടുത്തും. മുഖ്യമന്ത്രി വി ഡി സതീശൻ വിളിച്ചു ചേർത്ത വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് സുപ്രധാന തീരുമാനമെടുത്തത്.
കേന്ദ്ര സർക്കാർ ആവിഷ്‌കരിക്കുന്ന വിവിധ പദ്ധതികൾ പരമാവധി സംസ്ഥാനത്തിന് പ്രയോജനപ്പെടുത്തുന്നതിനും നിലവിലുള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്തി അവയുടെ നടത്തിപ്പ് കൂടുതൽ വേഗത്തിലാക്കുന്നതിനും മുഖ്യമന്ത്രി വകുപ്പുകൾക്ക് നിർദേശം നൽകി.
വകുപ്പ് സെക്രട്ടറിമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനും ഫയൽ കൈകാര്യം ചെയ്യൽ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി ഫയലുകൾ ക്രമീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇതിന്റെ ഭാഗമായി വകുപ്പ് സെക്രട്ടറിമാരുടെ യോഗം എല്ലാ മാസവും ചേരാനും തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ഫ്ലാഗ്ഷിപ്പ് പ്രോഗ്രാമുകൾ വേഗത്തിലാക്കാനും പുരോഗതി വിലയിരുത്താനും സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി. വിവിധ വകുപ്പുകളിലെ ഫയലുകളുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് പ്രത്യേക ശ്രദ്ധയും ഇടപെടലും ഉണ്ടാകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
പി.എൻ.എക്‌സ്. 4716/2026
- Log in to post comments