ദിശ എക്സ്പോ: കഴിവുകളെ വിപണനം ചെയ്യാന്‍ പുതുതലമുറ തയ്യാറാകണം-രമേഷ് പിഷാരടി എം.എല്‍.എ.
ഓരോ വ്യക്തിയും സ്വന്തം കഴിവുകള്‍ തിരിച്ചറിയുകയും അവയെ അവസരങ്ങളാക്കി മാറ്റാന്‍ തയ്യാറാവുകയും വേണമെന്ന് രമേഷ് പിഷാരടി എം.എല്‍.എ. അഭിപ്രായപ്പെട്ടു. മലപ്പുറം എം.എസ്.പി.പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ദിശ ഉന്നത വിദ്യാഭ്യാസ പ്രദര്‍ശനത്തോടനുബന്ധിച്ച് നടന്ന 'ഫ്രെയിം ദ ഫ്യൂച്ചര്‍' ഫിലിം ആന്റ് മീഡിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. നമ്മള് ചെയ്യുന്ന കാര്യങ്ങള്‍ക്ക് ലഭിക്കുന്ന അംഗീകാരവും പ്രോത്സാഹനവുമാണ് കൂടുതല്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രചോദനമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കഴിവുകള്‍ ഉണ്ടായതുകൊണ്ടുമാത്രം വിജയിക്കാനാവില്ലെന്നും അവ മറ്റുള്ളവര്‍ക്കുമുന്നില്‍ അവതരിപ്പിക്കാനും വിപണനം ചെയ്യാനുമുള്ള ശേഷി പുതുതലമുറ നേടണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സിനിമയും മാധ്യമരംഗവും അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ സാങ്കേതികവിദ്യകളും മാധ്യമസാധ്യതകളും പ്രയോജനപ്പെടുത്തി യുവജനങ്ങള്‍ സ്വന്തം കഴിവുകള്‍ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും സെമിനാറില്‍ ചര്‍ച്ചയായി. സംവിധായകന് ഇര്‍ഷാദ് പാരാരി, ഹയര്‍സെക്കന്‍ഡറി ആര്.ഡി.ഡി. ജൂഡ് ലൂയിസ്, ജില്ലാ കരിയര്‍ കോ ഓര്‍ഡിനേറ്റര്‍ യൂനുസ് സലീം എന്നിവര്‍ സംസാരിച്ചു.
ഇതോടനുബന്ധിച്ച് 'വിദേശ പഠന സാധ്യതകള്‍' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ മലപ്പുറം ഗവ.കോളെജ് പ്രിന്‍സിപ്പല്‍ ഡോ. സൈനുല്‍ ആബിദ് കോട്ട, അധ്യാപകന് അജയ് നായര്‍ എന്നിവര്‍ ക്ലാസുകള്‍ എടുത്തു. വിദേശ പഠനത്തിന് അനുയോജ്യമായ രാജ്യങ്ങള്‍, കോഴ്സുകള്‍, അഡ്മിഷന് നടപടികള്‍, പ്രവേശന പരീക്ഷകള്‍, സ്കോളര്‍ഷിപ്പുകള്‍, വിദ്യാഭ്യാസ വായ്പകള്‍, വ്യാജ ഏജന്‍സികളുടെ ചതിക്കുഴികളില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവ ചര്‍ച്ചയായി.
കൂടാതെ, 'ആല്‍ഫ ക്ലാസ് റൂം' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ മലപ്പുറം നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ. വി. റിനിഷ ഉദ്ഘാടനം ചെയ്തു. ക്ലാസ് മുറിയില്‍ നേരിട്ട് ഉപയോഗിക്കാവുന്ന കൃത്രിമ ബുദ്ധി ടൂളുകള്‍, ഡിജിറ്റല്‍ സാധ്യതകള്‍, പാഠാസൂത്രണം, ടീച്ചിംഗ് മാന്വല്‍, ചോദ്യപേപ്പര്‍ എന്നിവ എളുപ്പത്തില്‍ തയ്യാറാക്കാനുള്ള വഴികള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്ത ഈ സെമിനാറിന് കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍ അബ്ദുല്‍ ഗഫൂര്‍ നേതൃത്വം നല്കി.
- Log in to post comments