മലപ്പുറം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ശില്പശാല സംഘടിപ്പിച്ചു
ജില്ലാ ഹീറ്റ് ആക്ഷന്‍ പ്ലാന്‍, വെളിയങ്കോട് ഗ്രാമപഞ്ചായത്ത് സുനാമി അടിയന്തര പ്രതികരണ പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ശില്പശാല സംഘടിപ്പിച്ചു. ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ സ്വാതി ചന്ദ്രമോഹന് എന്നിവര്‍ സംസാരിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് അനലിസ്റ്റ് ടി.എസ്. ആദിത്യ ശില്പശാലയിലെ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
ഐക്യരാഷ്ട്ര സംഘടനയുടെ 'സുനാമി റെഡി' പദ്ധതിയുടെ ഭാഗമായി വെളിയങ്കോട് പഞ്ചായത്തില്‍ തയ്യാറാക്കിയ സുനാമി അടിയന്തര പ്രതികരണ രേഖ ആദ്യ സെഷനില്‍ പരിചയപ്പെടുത്തുകയും വിവിധ വകുപ്പുകളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ ക്രോഡീകരിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന രണ്ടാമത്തെ സെഷനില്‍, മലപ്പുറം ജില്ലക്കായി തയ്യാറാക്കിയ ഹീറ്റ് ആക്ഷന്‍ പ്ലാന്‍ ചര്‍ച്ച ചെയ്യുകയും കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിനായുള്ള പുതിയ നിര്‍ദ്ദേശങ്ങളും ആശയങ്ങളും പങ്കുവെക്കുകയും ചെയ്തു. ശില്പശാലയില് വിവിധ വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
- Log in to post comments